ചോറ് വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്ന ശീലം നല്ലതല്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദക്തർ. വേവിക്കാത്ത അരിയിൽ, ഛർദ്ദി, വയറിളക്കം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്ന ബാസിലസ് സെറിയസ് എന്ന ബീജങ്ങൾ ഉണ്ടാവാം. ഇവ അരി വേവിക്കുന്ന സമയത്ത് പൂർണ്ണമായും നശിച്ചുപോകുന്നില്ല. അരി വെന്തു ചോറായ ശേഷം, 40 മുതൽ 140 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയിലെത്തുമ്പോൾ ഈ ബാക്ടീരിയകൾ വേഗത്തിൽ പുനരുൽപ്പാദിപ്പിക്കാൻ തുടങ്ങുന്നു. അതിനാൽ തന്നെ ചോറ് മണിക്കൂറുകളോളം പുറത്ത് ഇരിക്കുമ്പോഴാണ് ഇതിലൂടെ ഭക്ഷ്യവിഷബാധയ്ക്കുള്ള അപകടസാധ്യത കൂടുന്നത് എന്ന് വിദക്തർ പറയുന്നത്. റൂം ടെമ്പറേച്ചറിൽ മണിക്കൂറുകൾ ഇരുന്നു ഫ്രിജിൽ വച്ച ശേഷം, വീണ്ടും കുറച്ച് ദിവസങ്ങൾക്ക് ശേഷം കഴിക്കുന്നവർക്കാണ് കൂടുതൽ ആരോഗ്യ പ്രശ്നം ഉണ്ടാകുന്നത്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് നിർദ്ദേശിക്കുന്നതനുസരിച്ച്, ഭക്ഷ്യവിഷബാധ തടയാനായി, മിച്ചം വരുന്ന ചോറ് ഒരു മണിക്കൂറിനുള്ളിൽ റഫ്രിജറേറ്ററിൽ വയ്ക്കണം. ഒരുമിച്ച് സൂക്ഷിക്കുന്നതിന് പകരം, രണ്ടോ മൂന്നോ പാത്രങ്ങളിലാക്കി വയ്ക്കാം എന്നും വിദക്തർ നിർദേശിക്കുന്നു.





















