ദുഖസാന്ദ്രമായ പാട്ട് കേട്ടാൽ മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്ന് പഠനം. ശോകപൂര്‍ണ്ണമായ ഗാനം നമ്മളിലെ ദുഖങ്ങളെ തൊട്ടുണര്‍ത്തിയാലും അതുമായി നമുക്ക് തോന്നുന്ന ബന്ധം മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്. ജേണല്‍ ഓഫ് ഏസ്റ്റെറ്റിക് എജ്യുക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. ദുഖകരമായ കാര്യങ്ങളെ കുറിച്ച് തീവ്രമായ സംഭാഷണങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കിടയില്‍ ഉണ്ടാകുന്ന മാനസികൈക്യം പോലെ എന്തോ ഒന്ന് ദുഖകരമായ സംഗീതവും മനുഷ്യമനസ്സുകളും തമ്മിലുണ്ടാകുന്നുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 2014ല്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്ത മൂന്നിലൊന്ന് പേരും അവര്‍ പോസിറ്റീവായിരിക്കുമ്പോള്‍ ശോകപൂര്‍ണ്ണായ സംഗീതം ആസ്വദിക്കാറുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ശോകപൂര്‍ണ്ണമായ സംഗീതം വിഷാദവും ദുഖവും മാത്രമല്ല ചിലപ്പോഴൊക്കെ മധുരമായ ഒരു നോവും മനസ്സില്‍ ഉണര്‍ത്തി വിടാം, ഇത് നമ്മുടെ മാനസിക ആരോഗ്യം വർധിപ്പിക്കുമെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ഓക്‌സ്‌ഫോർഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.






















