ചുമയുടെ മരുന്ന് ഒരിക്കൽ തുറന്ന ശേഷം വീണ്ടും ഉപയോഗിക്കാറുണ്ടോ?

ചുമയുടെ മരുന്ന് ഒരിക്കൽ തുറന്ന ശേഷം വീണ്ടും ഉപയോഗിക്കാറുണ്ടോ?
ഒരിക്കൽ തുറന്ന ചുമയുടെ മരുന്ന് കുപ്പി, എക്‌സ്പെയറി ഡേറ്റ് കഴിഞ്ഞിട്ടില്ലെങ്കിലും ഒരു മാസത്തിൽ കൂടുതൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്ന് ശിശുരോഗ വിദഗ്ധൻ. ‘Deep Insights by Harman Hardy’ എന്ന പോഡ്കാസ്റ്റിൽ പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. സൗരഭ് കപൂറാണ് ഈ മുന്നറിയിപ്പു നൽകുന്നത്. ശിശുസ്വാസ്ഥ്യവും മാതൃത്വവും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യവേ ആണ് ഡോക്ടർ ഈ കാര്യം പറഞ്ഞത്. മരുന്നിന്റെ ഗുണം നശിക്കുന്നതിനാൽ ഒരു മാസത്തിനുശേഷം അവ ഒഴിവാക്കണം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ബാധകമാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. വായുവുമായുള്ള സമ്പർക്കത്തിലൂടെ ഇത്തരം സിറപ്പുകളിൽ സൂക്ഷ്മാണുക്കൾ വളരാനിടയാകുമെന്നും ഇതുവഴി പ്രധാന മരുന്നുഘടകങ്ങൾ ദുർബലമാവുമെന്നും ഡോക്ടർ പറയുന്നു. ഒരിക്കൽ തുറന്ന മരുന്ന് വായുമുക്തമായി സൂക്ഷിച്ചതല്ലെങ്കിൽ ഫംഗസ്, ബാക്ടീരിയ എന്നിവയാൽ കേടാകാൻ സാധ്യതയുണ്ട്. സിറപ്പുകൾ പഞ്ചസാര അടിസ്ഥാനമാക്കിയുള്ളതാണ് അതുകൊണ്ട് തന്നെ കേടാവാൻ കൂടുതൽ സാധ്യതയുമുണ്ട്. ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാവാമെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. രുചിയിലോ നിറത്തിലോ രൂപത്തിലോ എന്തെങ്കിലും മാറ്റം തോന്നിയാൽ മരുന്ന് പൂർണമായും ഉപേക്ഷിക്കണമെന്നും ഡോക്ടർ പറയുന്നു.