ഭിന്നശേഷി കുട്ടികൾക്കായി ഏകീകൃത എസ്ഒപി; ബാലാവകാശ കമ്മിഷൻ യോഗം ചേർന്നു

ഭിന്നശേഷി കുട്ടികളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് തയ്യാറാക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (എസ്ഒപി) അന്തിമമാക്കുന്നതിനായി ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗം തിരുവനന്തപുരത്ത് ചേർന്നു. കമ്മിഷൻ അംബാസിഡർ ഗോപിനാഥ് മുതുകാട് യോഗം ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷി കുട്ടികളുടെ ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, പരിചരണം തുടങ്ങിയ മേഖലകളിൽ സ്ഥിരതയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങൾ അനിവാര്യമാണെന്ന് പൊഫ.ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു.

സമൂഹത്തിന്റെ മുഖ്യധാരയിൽ ഭിന്നശേഷിയുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നത് ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്ന സമഗ്ര വികസന ദർശനമാണ്. കാഴ്ച, കേൾവി, സംസാരശേഷി, മാനസിക വെല്ലുവിളി, ശാരീരിക പരിമിതി, പഠന വൈകല്യം എന്നിവ നേരിടുന്ന കുട്ടികൾക്ക് തുല്യപരിഗണനയും അവസരവും ലഭ്യമാക്കണം. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ കൂടുതൽ ഉൾക്കൊള്ളുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.