കഠിന ആർത്തവവേദന നിസ്സാരമായി കാണുന്നവരാണോ നിങ്ങൾ?

കഠിന ആർത്തവവേദന നിസ്സാരമായി കാണുന്നവരാണോ നിങ്ങൾ? ആർത്തവകാലത്തെ അമിതരക്തസ്രാവത്തിനും വേദനയ്ക്കും പിന്നിൽ ആരോ​ഗ്യപ്രശ്നങ്ങളാവാം. ഇത് തിരിച്ചറിയാതെ പോകരുത്. അത്തരത്തിൽ വേദനാജനകമായ ആർത്തവകാലത്തേക്കുറിച്ചും അതിനു പിന്നിലെ കാരണം കണ്ടെത്തിയതിനേക്കുറിച്ച് പങ്കുവെക്കുകയാണ് ലണ്ടനിൽ നിന്നുള്ള സംരംഭകയായ വാലെന്റിന മിലനോവ. ഇരുപതുവർഷക്കാലം കടുത്ത വേദനയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചാണ് വാലന്റിന തുറന്നുപറഞ്ഞത്. പതിനഞ്ചാം വയസ്സിൽ നടത്തിയ സ്കാനിങ്ങിനുശേഷമാണ് ഡോക്ടർമാർ സിസ്റ്റ് ആണ് വേദനയ്ക്ക് കാരണമെന്ന് തിരിച്ചറിന്നത്. മുടിയും ചർമകോശങ്ങളുമടങ്ങിയ ഡെർമോയ്ഡ് സിസ്റ്റ് ആയിരുന്നു. കൂടാതെ പി.സി.ഒ.എസ്. എന്ന ഹോർമോണൽ തകരാറുമുണ്ടായിരുന്നു. നിലവിൽ ആരോ​ഗ്യാവസ്ഥയ്ക്ക് ചികിത്സ തേടുന്ന വാലന്റിന ഇത്തരത്തിൽ ഒരു സ്ത്രീയും ആർത്തവവേദന നിസ്സാരമാക്കി രോ​ഗസ്ഥിരീകരണം നടത്താൻ വൈകരുതെന്ന് ചൂണ്ടിക്കാട്ടുന്നു. കഠിനമായ ആർത്തവവേദനയും അമിതരക്തസ്രാവവും ഉണ്ടെങ്കിൽ മടിച്ച നിൽക്കാതെ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.