‘സ്ഫടിക’ത്തിലേയ്ക്ക് പരിഗണിച്ചിരുന്നത് ശോഭനയെ; സിനിമയ്ക്ക് പേര് ‘ആടു തോമ’ എന്നും; ഭദ്രന്‍ പറയുന്നു

1995-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ചിത്രത്തില്‍ ആടുതോമയായി മോഹന്‍ലാലും അച്ഛനായ ചാക്കോ മാഷായി തിലകനും തകര്‍ത്ത് അഭിനയിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ കഥാപാത്രങ്ങളും സിനിമയും ഏവരുടേയും മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നു.

സ്ഫടികം ആടുതോമയെന്ന മകന്റെ സിനിമയല്ല, മറിച്ചു തന്റെ തീരുമാനങ്ങള്‍ മാത്രം മകന്‍ നടപ്പാക്കണമെന്നാഗ്രഹിച്ച് അവന്റെ ജീവിതം തകര്‍ത്തു കളയുന്ന ചാക്കോ എന്ന അച്ഛന്റെ കഥയാണ്. അയാളുടെ തിരിച്ചറിവിന്റെ കഥയാണെന്നും സംവിധായകന്‍ ഭദ്രന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ചിത്രത്തിലെ നായികയായി നിശ്ചയിച്ചിരുന്നത് ശോഭനയെ ആയിരുന്നെന്നും. വില്ലനായി നിശ്ചയിച്ചിരുന്നത് നാസറിനെ ആയിരുന്നെന്നും ഭദ്രന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

‘ശോഭനയെ നായികയാക്കാനാണ് തീരുമാനിച്ചത്. പക്ഷേ അവര്‍ക്ക് നൃത്ത പരിപാടിക്ക് യുഎസില്‍ പോകേണ്ടതിനാല്‍ ഉര്‍വശിയെ വിളിച്ചു. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ തോന്നി ഉര്‍വശി തന്നെയായിരുന്നു നല്ലതെന്ന്. കള്ളുകുടിച്ചുള്ള സീനൊക്കെ അത്ര ഭംഗിയായിരുന്നു. വില്ലനായി പരിഗണിച്ചിരുന്നത് തമിഴ് നടന്‍ നാസറിനെ ആയിരുന്നു. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ നടന്‍ നാസറിന്റെ ഫോണ്‍ ‘നാളെ വരാന്‍ പറ്റില്ല. തമിഴിലെ ഷൂട്ടിങ് നീളുന്നു. 10 ദിവസം കഴിയും എത്താന്‍.’ എന്തുചെയ്യണമെന്ന് അറിയാതെ കോട്ടയം അഞ്ജലി ഹോട്ടലിന്റെ കാര്‍പാര്‍ക്കിങ്ങിലെ വലിയ തൂണില്‍ ചാരി നിന്നു തലപുകച്ചപ്പോള്‍ അവിടേക്ക് ബുള്ളറ്റില്‍ വന്ന നാസറിനേക്കാള്‍ വണ്ണവും ഉയരവുമുള്ള യുവാവാണ് ജോര്‍ജ്. ‘തനിക്ക് അഭിനയിക്കണോ’ എന്ന് ചോദിച്ചു. അനന്തരം ജോര്‍ജ്, സ്ഫടികം ജോര്‍ജായി.” – ഭദ്രന്‍ പറയുന്നു.

LEAVE A REPLY