എണ്ണയിൽ ഉപയോഗിക്കുന്നതിൽ നിയന്ത്രണം വേണമെന്ന് വിദഗ്ധർ

നിങ്ങൾ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ സുരക്ഷിതമാണോ….. ഇതിലെ അപകടത്തെ കുറിച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
സസ്യ– ധാന്യങ്ങളിൽ നിന്നെടുക്കുന്ന എണ്ണകൾ പാചകത്തിനായി അമിതമായി ഉപയോഗിച്ചാൽ സ്തനാർബുദ സാധ്യതയേറെയെന്നാണ് പഠനങ്ങളിൽ വ്യക്തമാക്കുന്നത്. വെയിൽ കോർനൽ മെഡിസിൻറെ പഠന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. സയൻസ് മാസികയിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരം എണ്ണകളിലെ കൊഴുപ്പായ ലിനോലെ​യ്ക് ആസിഡ് സ്തനാർബുദമുണ്ടാക്കുന്ന കോശങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുമെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. ഇവ പതിവായി ശരീരത്തിലെത്തുന്നത് ട്രിപ്പിൾ നെഗറ്റിവ് ബ്രെസ്റ്റ് കാൻസറിൻറെ സാധ്യത വർധിപ്പിക്കുമെന്നാണ് പ്രധാന കണ്ടെത്തൽ. സസ്യഎണ്ണകളായ സോയാബീൻ, സൺഫ്ലവർ എന്നിവയിലാണ് ഒമേഗ 6 ഫാറ്റി ആസിഡായ ലിനോലെയ്​ക് ആസിഡ് കണ്ടുവരുന്നത്. ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസറിൻറെ സാധ്യത ഇവ വളർത്തുകയും ചെയ്യുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. പഠന റിപ്പോർട്ടിൻറെ ഫലം ഭക്ഷണത്തിലെ കൊഴുപ്പുകളും വിവിധതരം അർബുദവും തമ്മിലുള്ള ബന്ധം തിരിച്ചറിയാനും ആരോഗ്യകരമായ ഭക്ഷണരീതികൾ നിർദേശിക്കാനും പഠനം സഹായിക്കുമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. ജോൺ ബ്ലെനിസും അന്ന മരിയയും വ്യക്തമാക്കുന്നു.