സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം കൂടുതൽ സ്ഥിരീകരിച്ചത് സെപ്റ്റംബറിൽ. ആരോഗ്യവകുപ്പിന്റെ ബുധനാഴ്ചത്തെ കണക്കനുസരിച്ച് നിലവിൽ 71 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 24 പേർക്കും രോഗം ബാധിച്ചത് ഈ മാസമാണ്. ഈ വർഷം 19 മരണമുണ്ടായതിൽ 9 എണ്ണം ഉണ്ടായതും സെപ്റ്റംബറിലാണ്. അതേസമയം രോഗബാധ കൂടുതലാകുമ്പോഴും രോഗത്തിന്റെ യഥാർഥ ഉറവിടം കണ്ടെത്താനാകാത്തത് വെല്ലുവിളിയായി തുടരുകയാണ്. പൊതുജലാശയങ്ങളിലും വീട്ടുവളപ്പിലെ കിണറുകളിൽനിന്നുമടക്കം രോഗം പകരുന്നുണ്ട്. നെഗ്ലേറിയ ഫൗലേറി, അക്കാന്ത അമീബിയ, ബാലമുത്തിയ വെർമമീബ പോലുള്ള അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലെറ്റിസ് ഉണ്ടാകുന്നത്. കോളിഫോം ബാക്ടീരിയയെയാണ് അമീബ ആഹാരമാക്കുന്നത്. അതിനാൽ ഇവ കൂടുതൽ ഉള്ളിടത്ത് സ്വാഭാവികമായും അമീബയുടെ സാന്നിധ്യവും ഉണ്ടാകും. കിണറുകളും ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യുക എന്നതാണ് ഏറ്റവും മികച്ച മാർഗം. നിപപോലെ പകർച്ചവ്യാധിയല്ലാത്തതിനാലാണ് പ്രത്യേക പ്രോട്ടക്കോളുകൾ ഇല്ലാത്തതെന്നും എന്നാലും മികച്ച പ്രതിരോധമാർഗങ്ങളാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ചെയ്യുന്നതെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.



















