കൊച്ചിയില്‍ വീണ്ടും റാഗിങ്: ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

കൊച്ചി: റാഗിങ്ങില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. കൊച്ചി മറൈന്‍ എന്‍ജിനീയര്‍ കോളജിലെ മറൈന്‍ ബി.ടെക് വിദ്യാര്‍ഥി ഈയ്യക്കാട്ടെ ആശിഷ് തമ്പാന്‍ (19) ആണ് വിഷം അകത്തുചെന്ന് അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

സെപ്റ്റംബര്‍ നാലുമുതല്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കോളജ് മെസ്സില്‍ വെച്ച് ആശിഷ് റാഗിങ്ങിന് ഇരയായതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ആശിഷിന്റെ പിതാവ് കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

റാഗിങ്ങില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ യുവാവിനെ കൊച്ചിയിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശരീരത്തിലേറ്റ ഗുരുതര പീഡനം സംബന്ധിച്ച് ഡോക്ടര്‍മാരാണ് വിവരിച്ചത്. കോഴ്‌സില്‍ തുടരാനുള്ള ആശിഷിന്റെ ആഗ്രഹത്തിന് വഴങ്ങിയാണ് തുടര്‍ന്നും ആശിഷ് കോളജില്‍ പോയത്. എന്നാല്‍ റാഗിങ്ങിന് എതിരെ അധികൃതര്‍ക്ക് പരാതി നല്‍കരുതെന്ന ഭീഷണി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആശിഷിന് നേരെ ഉയര്‍ത്തിയിരുന്നു. പിന്നീട് അസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബര്‍ രണ്ടിന് വീണ്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി പീഡിപ്പിച്ചതായി പറയുന്നു. തുടര്‍ന്ന് മനംനൊന്ത വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് ആശിഷ് ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടിരുന്നു. അത് ഇങ്ങനെ..’ഒരുപാട് ആഗ്രഹിച്ച് എടുത്ത കോഴ്‌സാണ്. ഇവിടെയുള്ള ഇരുകാലി മൃഗങ്ങള്‍ എന്നെ ഒരുപാട് പീഡിപ്പിച്ചു. ഓര്‍ത്തോ, നിങ്ങള്‍ എന്റെ ജീവിതമാണ് കളഞ്ഞത്.’ ഫേസ്ബുക്കില്‍ അധ്യാപകരെ പേരെടുത്ത് പറഞ്ഞ് നന്ദി പറയുകയും ചെയ്യുന്നുണ്ട്.

LEAVE A REPLY