സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ആരോഗ്യവകുപ്പ്. രണ്ടുപേർ മാത്രമാണ് മരിച്ചതെന്ന നേരത്തേയുള്ള കണക്കാണ് ആരോഗ്യവകുപ്പ് തിരുത്തിയത്. നിലവിലെ കണക്ക് പ്രകാരം കേരളത്തിൽ ഈ വർഷം 17 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണമാണ് സ്ഥിരീകരിച്ചത്. 66 പേർക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ മരിക്കുകയും ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി ആണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മലപ്പുറം അരീക്കോട് സ്വദേശിനിയായ പത്തുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.