സംസ്ഥാനം ഒരേസമയം പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പുരോഗികളെ എന്ന് റിപ്പോർട്ട്

സംസ്ഥാനം ഒരേസമയം പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പുരോഗികളെ എന്ന് റിപ്പോർട്ട്. സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇതിനായി രണ്ടായിരത്തോളം ഹോംകെയർ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കൂടുതലും സർക്കാർ സംവിധാനത്തിലാണുള്ളത്, 1,373 എണ്ണം. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. സേവനത്തിന്റെ ഗുണനിലവാരം കൂട്ടാനുള്ള നടപടി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ തുടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ നടപടി തുടങ്ങിയതായും റിപ്പോർട്ടുണ്ട്. സാന്ത്വനപരിചരണ വിഭാഗങ്ങളെ ഏകോപിപ്പിക്കുക, മെഡിക്കൽ കോളേജ് ആശുപത്രികളിലും കാൻസർ സെന്ററുകളിലും സാന്ത്വനപരിചരണം തുടങ്ങുക, ആരോഗ്യ, സന്നദ്ധ പ്രവർത്തകർക്കു പരിശീലനം നൽകുക, രോഗികളെ തൊഴിൽപരമായി പുനരധിവസിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. 2008-ൽ ഇന്ത്യയിൽ ആദ്യമായി പാലിയേറ്റീവ് നയം നടപ്പാക്കിയതു കേരളമാണ്. തുടർന്ന് 2019-ൽ നയം പുതുക്കിയിരുന്നു.