അര്‍ബുദ കേസുകള്‍ 2050 ഓടെ 77 ശതമാനം കൂടി 35 ദശലക്ഷത്തിലെത്തുമെന്ന്‌ ലോകാരോഗ്യ സംഘടന റിപ്പോർട്ട്

ലോകത്തിലെ അര്‍ബുദ കേസുകള്‍ 2050 ഓടെ 77 ശതമാനം കൂടി 35 ദശലക്ഷത്തിലെത്തുമെന്ന്‌ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2022ല്‍ 20 ദശലക്ഷം കേസുകളും 97 ലക്ഷം മരണങ്ങളുമാണ്‌ അര്‍ബുദം മൂലം ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ കാന്‍സര്‍ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അര്‍ബുദ നിര്‍ണ്ണയത്തിനു ശേഷം അഞ്ച്‌ വര്‍ഷം ജീവിച്ചവര്‍ 53.5 ദശലക്ഷത്തോളം പേരാണ്‌. അഞ്ചില്‍ ഒരാള്‍ക്ക്‌ തങ്ങളുടെ ജീവിതകാലത്ത്‌ അര്‍ബുദം വരുന്നുണ്ടെന്നാണ്‌ കണക്ക്‌. പുരുഷന്മാരില്‍ ഒന്‍പതില്‍ ഒരാള്‍ എന്ന നിരക്കിലും സ്‌ത്രീകളില്‍ 12ല്‍ ഒരാള്‍ എന്ന നിരക്കിലും അര്‍ബുദം മൂലം മരണപ്പെടുന്നുണ്ടെന്നും സർവ്വേ ഫലം ചൂണ്ടിക്കാട്ടുന്നു. 2022ല്‍ ലോകത്ത്‌ ഏറ്റവുമധികം പേരെ ബാധിച്ചത്‌ ശ്വാസകോശ അര്‍ബുദമാണ്‌. സ്‌തനാര്‍ബുദം ആണ് രണ്ടാം സ്ഥാനത്ത്, കോളോറെക്ടല്‍ അര്‍ബുദം മൂന്നാം സ്ഥാനത്തും, പ്രോസ്‌ട്രേറ്റ്‌ അര്‍ബുദം നാലാം സ്ഥാനത്തുമാണ്, വയറിലെ അര്‍ബുദമാണ് അഞ്ചാം സ്ഥാനത്ത് എന്ന് സർവ്വേ വ്യക്തമാക്കുന്നു.

LEAVE A REPLY