രാഹുല്‍ ഗാന്ധിയ്ക്ക് വയനാട്ടില്‍ അപരന്‍; അനുജന്‍ രാജീവ് ഗാന്ധി..; കോണ്‍ഗ്രസുകാരനായ അച്ഛന്റെ മക്കള്‍ ഇപ്പോള്‍ കടുത്ത ഇടതുപക്ഷ അനുകൂലികള്‍

എരുമേലി: വയനാട്ടിലേയ്ക്കുള്ള രാഹുലിന്റെ വരവോടെ തീപാറും പോരാട്ടം കാഴ്ച വെക്കാന്‍ അപരനെ ഇറക്കാനുള്ള നീക്കം ശക്തമാകുന്നു. കോട്ടയം ജില്ലയില്‍ എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളിയില്‍ താമസിക്കുന്ന യുവാവിനെ അപരനായി രംഗത്തിറക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന.

വിവരങ്ങള്‍ പുറത്തായതോടെ ഈ യുവാവിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. വ്യാഴാഴ്ച യുവാവ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കുമെന്നാണ് സൂചനകള്‍. ഇതറിഞ്ഞ് പത്രിക നല്‍കാതിരിക്കാന്‍ ചിലരില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായതോടെയാണ് യുവാവിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് പറയപ്പെടുന്നു.

യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ്. രാഹുല്‍ എന്ന് പേരുള്ള ഈ യുവാവിന്റെ പേര് രാഹുല്‍ ഗാന്ധി എന്നും അനുജന്റെ പേര് രാജീവ് ഗാന്ധി എന്നുമാണ്. ഇരുവര്‍ക്കും അച്ഛന്‍ ആണ് ഈ പേരുകള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ നല്‍കിയത്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അച്ഛന്‍ ഗാന്ധി കുടുംബത്തിനോടുള്ള ആരാധനയില്‍ ഈ പേരുകള്‍ മക്കള്‍ക്ക് നല്‍കിയെങ്കിലും മക്കള്‍ വളര്‍ന്നപ്പോള്‍ കടുത്ത ഇടതുപക്ഷ അനുകൂലികളായി മാറി.

രാഹുല്‍ സിപിഎമ്മില്‍ സജീവ പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയുമാണ്. തിരുവനന്തപുരത്ത് നിന്നും രാഹുല്‍ ഗാന്ധിക്ക് അപരന്‍ മത്സരിക്കാന്‍ നീക്കമുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത് ഈ യുവാവാണെന്നാണ് ഇപ്പോള്‍ സൂചനകള്‍ വ്യക്തമായിരിക്കുന്നത്. കെ.ഇ. രാഹുല്‍ എന്നായിരുന്നു പേര്. അടുത്തയിടെ വോട്ടര്‍പട്ടികയില്‍ രേഖകള്‍ സമര്‍പ്പിച്ച് പേര് രാഹുല്‍ ഗാന്ധി എന്നാക്കി മാറ്റം വരുത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

LEAVE A REPLY