അപൂര്‍വ്വമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

ഒമ്പത് വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ ഇടുപ്പെല്ലിന് പരിക്കുപറ്റിയ ആളില്‍ അപൂര്‍വ്വമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഒന്‍പതു വര്‍ഷം മുന്‍പ് റോഡ് അപകടത്തില്‍ ഇടുപ്പെല്ല് പൂര്‍ണമായും ഒടിഞ്ഞ് ഇടുപ്പെല്ലിന്റെ കുഴ തെന്നിമാറിയ പറവൂര്‍ ചെട്ടിക്കാട് സ്വദേശി 53 കാരന്‍ ജോസഫിനാണ് ഇടുപ്പെല്ല് അസറ്റാബുലര്‍ പുനര്‍നിര്‍മാണ ശസ്ത്രക്രിയ നടത്തിയത്. അസ്ഥിരോഗ വിഭാഗം മേധാവി പ്രൊഫ.ഡോ.ജോര്‍ജ് കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് പരസഹായം ഇല്ലാതെ നടക്കാനും ജോലി ചെയ്യാനും സാധിക്കുന്നുണ്ട്. ഇതേ അവസ്ഥ അനുഭവിക്കുന്നവര്‍ക്ക് എറണാകുളം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം പ്രയോജനപ്രദമാകട്ടെ എന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ജോസഫ് പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന ശസ്ത്രക്രിയ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സൗജന്യമായാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയത്.

LEAVE A REPLY