സംസ്ഥനത്ത് 6 കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി സർക്കാർ. ഭാരിച്ച ചികിത്സാ ചെലവ് വരുന്ന ഗുരുതര രോഗങ്ങളുള്ള 6 കുട്ടികൾക്ക് ആരോഗ്യ വകുപ്പ് സൗജന്യ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ജുവനൈൽ മൈലോമോണോസിറ്റിക്ക് ലുക്കീമിയ, ഡ്യൂറൽ ആർട്ടീരിയോ വീനസ് ഫിസ്റ്റുല, ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, പ്രൈമറി ഹൈപ്പർഓക്സലൂറിയ ടൈപ്പ് 1, ക്ലാസിക് ഹോഡ്കിൻസ് ലിംഫോമ, ഷ്വാക്മാൻ ഡയമണ്ട് സിൻട്രോം തുടങ്ങിയ രോഗങ്ങളുടെ സൗജന്യ ചികിത്സയ്ക്കായാണ് അനുമതി നൽകിയത്. ആരോഗ്യകിരണം സംസ്ഥാനതല സമിതിയാണ് ഇതുസംബന്ധിച്ച് അംഗീകാരം നൽകിയത്. സ്വകാര്യ മേഖലയിൽ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സകളാണ് സൗജന്യമായി ലഭ്യമാക്കുന്നത്.






















