മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽമാർഗ്ഗ നിർദ്ദേശങ്ങളുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

ബംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽമാർഗ്ഗ നിർദ്ദേശങ്ങളുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. ഇതാദ്യമായാണ് സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജുകൾക്കും ഹോസ്റ്റലുകൾക്കും മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കുന്നത്. ഇക്കഴിഞ്ഞ ദിവസം BMRCI വനിത ഹോസ്റ്റലിലെ 47 മെഡിക്കൽ വിദ്യാർഥിനികളെ വയറിളക്കവും നിർജലീകരണവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് വകുപ്പിന്റെ നടപടി. മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവും എന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കോളേജ് ഹോസ്റ്റൽ കാൻറീനുകളിൽ ഭക്ഷണം പാചകം ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ഹോസ്റ്റൽ കാന്റീനുകളിൽ പാചകം ചെയ്യുന്ന ഭക്ഷണ ചേരുവകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കും. പുതുതായി പാചക വസ്തുക്കൾ ഓരോ തവണ വാങ്ങുമ്പോഴും പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ. പുറത്തു നിന്നാണ് ഹോസ്റ്റലുകളിയിലേക്കുള്ള ജലം എത്തുന്നതെങ്കിൽ നിർബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കും. ഹോസ്റ്റലുകളിലെ ശുചിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിശോധിക്കും. ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിക്ക് എങ്കിലും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ മുഴുവൻ വിദ്യാർത്ഥികളുടെയും ആരോഗ്യനില പരിശോധിക്കും. വിദ്യാർത്ഥികൾ പുറത്തു പോകുന്നതും വരുന്നതും നിരീക്ഷിക്കാൻ ബയോമെട്രിക് സിസ്റ്റം സ്ഥാപിക്കും എന്നിവയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങൾ.

LEAVE A REPLY