നിപ്പ ലക്ഷണങ്ങളുമായി കോഴിക്കോട് നാലു പേർ ചികിത്സയിൽ

കേരളം വീണ്ടും നിപ്പ ഭീഷണിയില്‍. നിപ്പ ലക്ഷണങ്ങളുമായി കോഴിക്കോട് നാലു പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 75 പേരെ ഐസൊലേഷനിലേക്കു മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ലക്ഷണങ്ങളുമായി മരിച്ചയാളുടെ ബന്ധുക്കളാണ് ചികിത്സയില്‍ തുടരുന്ന നാലുപേര്‍. മരിച്ചയാളുടെ ഭാര്യ, പത്തു മാസം പ്രായമുള്ള കുട്ടി, 22 വയസ്സുകാരനായ ബന്ധു എന്നിവരുടെ നില മെച്ചപ്പെട്ട അവസ്ഥയാണ്. 9 വയസു പ്രായമുള്ള കുട്ടി വെന്റിലേറ്ററിലാണ്. പുണെ എന്‍ഐവിയില്‍ നിന്നുള്ള ഫലം വൈകിട്ടോടെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഫലം വരുന്നതുവരെ ജില്ലയില്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 2021ല്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരുന്നത്.

LEAVE A REPLY