ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം വൈകുന്നതില്‍ ദുഃഖവും ഭയവും; ‘നിസ്സഹായരായ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കണ’ മെന്ന് എസ്പിയോട് കന്യാസ്ത്രീകള്‍

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കോട്ടയം എസ്.പി ഹരിശങ്കറെ സന്ദര്‍ശിച്ചു. ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായി ആറു മാസം ആയിട്ടും കുറ്റപത്രം കോടതിയില്‍ എത്താന്‍ വൈകുന്നതാണ് കന്യാസ്ത്രീകളെ ഭയപ്പെടുത്തുന്നത്. പ്രതി അതി പ്രബലനായതിനാല്‍ തങ്ങള്‍ ഭയത്തിലും ആശങ്കയിലുമാണെന്ന് കന്യാസ്ത്രീകള്‍ എസ്.പിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവരും ഇരയ്ക്ക അനുകൂലമായി മൊഴി നല്‍കിയതിന്റെ പേരില്‍ സഭയില്‍ നിന്നും നിരന്തരം ഭീഷണി നേരിടുകയും ചെയ്യുന്ന അഞ്ചു പേരാണ് എസ്.പിക്കു മുന്നില്‍ ആശങ്ക അറിയിച്ചത്. സി.അനുപമ, സി. ജോസഫിന്‍, സി. ആല്‍ഫി, സി.ആന്‍സിറ്റ, സി.നീനാ റോസ് എന്നിവരാണ് ഇന്ന് എസ്.പിയെ സന്ദര്‍ശിച്ചത്.

‘ദിവസങ്ങള്‍ക്കു മുന്‍പുതന്നെ കേസിലെ അന്വേഷണം പൂര്‍ത്തിയാവുകയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ പര്യാപ്തമാവുകയും ചെയ്തിരുന്നുവെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ അത് നീണ്ടുപോയി. സാക്ഷികളായ ഞങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ഇതിനകം തന്നെ അറിവുള്ളതാണല്ലോ. ഞങ്ങള്‍ അഞ്ചുപേരെയും രാജ്യത്തിന്റെ പല ഭാഗങ്ങേളിലേക്കും സ്ഥലം മാറ്റുവാന്‍ രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ഒരു നീക്കം നടന്നിരുന്നു. പരാതിക്കാരിയെ മഠത്തില്‍ ഒറ്റപ്പെടുത്തുകയും സാക്ഷികളായ ഞങ്ങളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് ഇല്ലാതാക്കുവാനുമുള്ള നീക്കമാണ് നടന്നത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മേല്‍ക്കേസില്‍ കഴിവതും വേഗം കുറ്റപത്രം സമര്‍പ്പിക്കുകയും ഞങ്ങള്‍ അടക്കമുള്ള സാക്ഷികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യണം- കന്യാസ്ത്രീകള്‍ കത്തില്‍ ആവശ്യപ്പെടുന്നു.

കുറ്റപത്രം സമര്‍പ്പിക്കുന്നത് നീണ്ടുപോകുന്നത് തങ്ങള്‍ക്ക് ദുഃഖവും വളരെയധികം ഭയവും ജനിപ്പിക്കുന്നുവെന്നും എത്രകാലം ഇപ്രകാരം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് തങ്ങള്‍ക്കറിയില്ല എന്നും അവര്‍ പറയുന്നു. നിസ്സഹായരായ തങ്ങളുടെ ഈ അവസ്ഥ മനസ്സിലാക്കി അനുകൂല നടപടി സ്വീകരിക്കണമെന്നാണ് കന്യാസ്ത്രീകള്‍ എസ്.പിയോട് ആവശ്യപ്പെടുന്നത്.

LEAVE A REPLY