ചുമത്തിയ നൂറു കോടി പിഴയൊടുക്കാൻ കൊച്ചി നഗരസഭയ്ക്ക് എട്ട് ആഴ്ച്ച കൂടി സാവകാശം നൽകി ഹൈകോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരസഭയ്ക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ നൂറു കോടി രൂപ പിഴയൊടുക്കാൻ ഹൈക്കോടതി എട്ട് ആഴ്ച കൂടി സാവകാശം നൽകി. ഒരു മാസത്തിനകം പിഴത്തുക ചീഫ് സെക്രട്ടറിക്കു കൈമാറാനാണ് മാർച്ച് 16 ലെ ഉത്തരവിൽ ട്രൈബ്യൂണൽ നിർദ്ദേശിച്ചിരുന്നത്. ഇതിനെതിരെ നഗരസഭ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അതേ സമയം, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി അടക്കമുള്ള ട്രൈബ്യൂണിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.കൊച്ചി നഗരത്തിലെ റോഡുകൾ മാലിന്യ കൂമ്പാരങ്ങളാൽ ബ്രഹ്മപുരത്തിന് തുല്യമായെന്ന് ഹൈക്കോടതി പറഞ്ഞു. പൊതുസ്ഥലങ്ങളിൽ മാലിന്യം എറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതി നല്കാൻ ഒരു വാട്ട്സ് ആപ്പ് നമ്പർ നൽകാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

LEAVE A REPLY