കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി

തിരുവനന്തപുരം: ഇന്ത്യക്ക് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ. ഹെൽത്ത് ഫിനാൻസിംഗ് ലീഡ് ഡോക്ടർ ഗ്രേസ് അച്യുഗുരാ. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘അനുഭവ് സദസ്’ ദേശീയ ശിൽപശാലയിൽ സംസ്ഥാനത്തെ സൗജന്യ ചികിത്സ മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ആരോഗ്യ മന്ത്രി വീണാ ജോർജുമായി ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി കൂടിക്കാഴ്ച നടത്തി. രോഗികൾക്ക് അവരുടെ സ്വന്തം കൈയ്യിൽ നിന്നുമെടുത്തുള്ള ചികിത്സാ ചെലവ് കൂടുന്നുണ്ടോ, കുറയുന്നുണ്ടോ എന്ന് പഠനം നടത്താൻ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നതായും ലോകാരോഗ്യ സംഘടനാ പ്രതിനിധി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നൽകാനായി. ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് കേരളത്തിന് ദേശീയ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം ലഭിച്ചിരുന്നു.

LEAVE A REPLY