കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധനകൾ ശക്തം

കുവൈറ്റ് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. അനധികൃതമായി വാഹന റിപ്പയറിങ് ജോലികള്‍ ചെയ്ത പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുറസായ സ്ഥലങ്ങളില്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നവരാണ് കഴിഞ്ഞ ദിവസത്തെ പരിശോധകളില്‍ അറസ്റ്റിലായത്. വിവിധ മേഖലകളില്‍ നിയമ വിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്. തലസ്ഥാന‍ ഗവര്‍ണറേറ്റിലും ഫര്‍വാനിയയിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ആറ് പ്രവാസികള്‍ അറസ്റ്റിലായി. മരുന്നുകള്‍ നിര്‍മിച്ച് വിതരണം ചെയ്‍തിരുന്ന ഒരു വ്യാജ ഫാര്‍മസിസ്റ്റും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. സ്ഥാപനം അധികൃതര്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

LEAVE A REPLY