കെനിയയിലെ ഗര്‍ഭിണികള്‍ തിന്നുന്നത് പുളിമാങ്ങയൊന്നുമല്ല; കല്ലുകളും മണലും ചേറും

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ആഹാരങ്ങളോട് പ്രിയം ഉണ്ടാകും. പച്ചമാങ്ങയോടും പുളിയോടുമൊക്കെ താല്പര്യം ഉണ്ടാകും. എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ഗര്‍ഭിണികള്‍ക്ക് മാങ്ങയും പുളിയുമൊന്നുമല്ല വേണ്ടത്. അവര്‍ക്ക് തിന്നാന്‍ താല്പര്യം ചില പ്രത്യേകതരം കല്ലുകളോടായിരിക്കും. ഒഡോവ എന്നാണ് ഇതിന്റെ പേര്. സാധാരണ ക്വാറികളില്‍ നിന്നു ശേഖരിക്കുന്ന കല്ലുകള്‍ തന്നെയാണ് ഒഡോവയും.

ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന കാല്‍സ്യത്തിന്റെയും ധാതുക്കളുടേയും കുറവ് നികത്താന്‍ ഇത്തരം കല്ലുകള്‍ നല്ലതാണെന്നാണ് ഇവിടെയുള്ള ഡോക്ടര്‍മാര്‍ പോലും പറയുന്നത്. എന്നാല്‍ ഈ കല്ലുകള്‍ ചിലപ്പോള്‍ അണുബാധക്ക് കാരണമാകാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്. ഗര്‍ഭിണികള്‍ കല്ലുകള്‍ ഭക്ഷിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ആഫ്രിക്കന്‍ കൌണ്‍സില്‍ ഫോര്‍ ദ ഗിഫ്റ്റഡ് ആന്‍ഡ് ടാലന്റഡ് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ നിരത്തുകളിലുള്ള കൊച്ചു സ്റ്റാളുകളിലും പ്രധാന ചന്തകളിലുമെല്ലാം ഒഡോവ എന്ന് വിളിക്കുന്ന കല്ലുകള്‍ വില്‍പനക്കായി വച്ചിട്ടുണ്ട്.

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ കല്ലുകള്‍ കഴിക്കാന്‍ പ്രത്യേക താല്‍പര്യം തോന്നുമെന്ന് രണ്ടുമക്കളുടെ അമ്മയായ 29കാരി ജോയ്‌സ് നാവതു പറയുന്നു. പുതുമണ്ണിന്റെ ഗന്ധം പോലെ കല്ലുകളുടെ മണം അവയെ ഭക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് കെനിയയിലെ ഗര്‍ഭിണികള്‍ പറയുന്നത്.

കല്ല് മാത്രമല്ല, കളിമണ്ണ്, മണല്‍, ചേറ് എന്നിവയും കെനിയന്‍ ഗര്‍ഭിണികളുടെ ഇഷ്ട ഭക്ഷണങ്ങളാണ്. ഈ ഭക്ഷണ കല്ലുകള്‍ക്ക് വലിയ ഡിമാന്‍ഡ് ആണെന്ന് പ്രധാന മാര്‍ക്കറ്റുകളില്‍ കല്ലുകള്‍ വിതരണം ചെയ്യുന്ന ബ്രോക്കര്‍ ലിയാ അദിഹാമ്പോ പറയുന്നത്. മാത്രമല്ല കല്ലിനെപ്പോലെ ഇത്ര ലാഭകരമായ വസ്തുവും വേറെയില്ലെന്നാണ് അദിഹാമ്പോ പറയുന്നത്.

LEAVE A REPLY