ഇനി മുതല്‍ ഇന്ത്യയില്‍ 28 സംസ്ഥാനങ്ങള്‍; പുതുക്കിയ ഭൂപടം പുറത്തുവിട്ടു

ജമ്മു കശ്മീര്‍ സംസ്ഥാനം പ്രത്യേക പദവികളൊന്നുമില്ലാതെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു തുല്യമായി മാറി. രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് സംസ്ഥാനം രണ്ടായി വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്നു. ഗിരീഷ് ചന്ദ്ര മുര്‍മു ജമ്മു കശ്മീരിന്റെയും രാധാകൃഷ്ണ മാഥുര്‍ ലഡാക്കിന്റെയും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരായി സ്ഥാനമേറ്റെടുത്തു.

തൊട്ടു പിന്നാലെ തന്നെ ഇന്ത്യയുടെ പുതുക്കിയ ഭൂപടവും പുറത്തിറക്കി. ഒരു സംസ്ഥാനം കുറയുകയും പകരം രണ്ടു കേന്ദ്രഭരണ പ്രദേശങ്ങള്‍ കൂടുകയും ചെയ്ത ഔദ്യോഗിക ഭൂപടമാണു കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. ജമ്മു കശ്മീര്‍ വിഭജനത്തോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി.

ഇതിനു പുറമെ ജമ്മു കശ്മീര്‍, ലഡാക്ക്, ലേ എന്നിവിടങ്ങളിലെ ആകാശവാണി റേഡിയോ നിലയങ്ങളുടെ പേരും മാറ്റി. ഇതുവരെ റേഡിയോ കശ്മീര്‍ എന്നറിയപ്പെട്ടിരുന്ന മൂന്നു സ്റ്റേഷനുകളും ഇനി മുതല്‍ രാജ്യത്തെ മറ്റു സ്റ്റേഷനുകളെ പോലെ ഓള്‍ ഇന്ത്യ റേഡിയോ എന്നു തന്നെ അറിയപ്പെടും. ഇതേവരെ സംസ്ഥാനത്തിനു ബാധകമാകാതിരുന്ന നൂറിലേറെ കേന്ദ്ര നിയമങ്ങളും രണ്ടിടത്തും നിലവില്‍ വന്നു.

ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പിലെ ഉപവകുപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. അതിനൊപ്പമാണു രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും പ്രഖ്യാപിച്ചത്. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതോടെ ക്രമേണ പുതുച്ചേരിക്കു സമാനമായി ജമ്മു കശ്മീരില്‍ നിയമസഭയും മുഖ്യമന്ത്രിയും നിലവില്‍ വരും.

ഇതുവരെ ജമ്മു കശ്മീര്‍ നിയമസഭയ്ക്ക് ആറുവര്‍ഷമായിരുന്നു ഇനിമുതല്‍ ഇത് അഞ്ചു വര്‍ഷമാക്കും. 114 അംഗങ്ങളാണു സഭയിലുണ്ടാവുക. അഞ്ച് ലോക്‌സഭാ സീറ്റുകളും നാല് രാജ്യസഭാ സീറ്റുകളുമുണ്ടാവും. ലഡാക്ക് പൂര്‍ണ കേന്ദ്രഭരണ പ്രദേശമായിത്തന്നെ തുടരും, അവിടെ ഒരു പാര്‍ലമെന്റ് സീറ്റ് മാത്രമാണുണ്ടാവുക.

LEAVE A REPLY