പട്ടിണിയില്‍ 16 രാജ്യങ്ങളിലൊന്നില്‍ ഇന്ത്യ; അതിനിടെ കോടികള്‍ മുടക്കി ശ്രീരാമ മ്യൂസിയം നിര്‍മ്മിക്കാനൊരുങ്ങുന്നു

ര്‍ഷങ്ങളായി തുടരുന്ന അയോധ്യക്കേസില്‍ വിധി കാത്തിരിക്കുകയാണ് രാജ്യം. അതിനിടെ അയോധ്യയില്‍ പുതിയ ശ്രീരാമ മ്യൂസിയം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീരാമ മിത്ത് ആസ്പദമാക്കിയുള്ള ഡിജിറ്റല്‍ മ്യൂസിയം നിര്‍മിക്കാനുള്ള പദ്ധതിയ്ക്ക് മന്ത്രിസഭ അനുമതി നല്‍കി കഴിഞ്ഞു.

രാമ കഥയുമായി ബന്ധപ്പെട്ട മ്യൂസിയം, ഭക്ഷണശാല, രാമന്റെ കൂറ്റന്‍ പ്രതിമ എന്നിവയുള്‍പ്പെടുന്ന 446.46 കോടി രൂപയുടെ വമ്പന്‍ പദ്ധതിക്കാണ് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. അയോധ്യയിലെ മീര്‍പുരില്‍ 62 ഹെക്ടര്‍ സ്ഥലത്തായാണ് മ്യൂസിയം വരുന്നത്.

മുന്‍പ് രാജ്യത്ത് ചര്‍ച്ചാ വിഷയമായ പട്ടേല്‍ പ്രതിമയുടെ ചുവടു പിടിച്ചാണ് യുപിയില്‍ ഇപ്പോള്‍ ശ്രീരാമന്റെ കൂറ്റന്‍ പ്രതിമയടങ്ങുന്ന മ്യൂസിയം വരുന്നതെന്ന കാര്യം വ്യക്തമാണ്. 182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 2,063 കോടി രൂപയാണ്. ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടി വലുപ്പമുള്ള പട്ടേല്‍ പ്രതിമ നിര്‍മിക്കാനെടുത്ത സമയം നാലു വര്‍ഷമാണ്.

പട്ടേല്‍ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നര്‍മദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, അഞ്ചു കിലോമീറ്റര്‍ റോഡ്, ഭരണ നിര്‍വഹണ കേന്ദ്രം തുടങ്ങി അണ്ടര്‍ വാട്ടര്‍ അക്വേറിയം വരെയുള്‍പ്പെടുന്നതാണ് പട്ടേല്‍ സ്മാരകം. സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഈ ഉരുക്കു പ്രതിമ നാടിന് അഭിമാനം തന്നെയാണ്. എന്നാല്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി പ്രതിമകളും മ്യൂസിയങ്ങളും നിര്‍മിക്കുന്നതിനിടയില്‍ ഒരു കാര്യം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കുന്നത് നല്ലതാണ്.

ആഗോള പട്ടിണി സൂചികയില്‍ പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്. മാത്രമല്ല രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായിരിക്കുന്ന സാഹചര്യം കൂടിയാണുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് തലവനായ മുകേഷ് അംബാനി പോലും ഇക്കാര്യം സമ്മതിച്ചതാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട ജോലിയും വരുമാനവും കൃത്യമായി ലഭിക്കുന്നില്ലായെന്ന കാര്യവും പകല്‍ പോലെ വ്യക്തമാണ്.

ഇതിനിടയില്‍ രാജ്യത്ത് ഇത്രയധികം പ്രതിമകളും സ്മാരകങ്ങളും എന്തിനാണെന്ന സാധാരണക്കാരന്റെ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. ഓരോ പൗരനും കൃത്യമായി നികുതിയടയ്ക്കുന്ന നാടാണിത്. അതുകൊണ്ടു തന്നെ രാജ്യ പുരോഗതിയെന്ന പേരില്‍ നടത്തുന്ന എന്തും ജനങ്ങള്‍ അംഗീകരിച്ചെന്നു വരില്ല. ആദ്യം പട്ടിണിയൊഴിഞ്ഞിട്ടു മതി സ്മാരകങ്ങള്‍ പടുത്തുയര്‍ത്തല്‍. കാരണം പ്രതിമകളെയല്ല നാടിനു വേണ്ടത് മികച്ച ജീവിത സാഹചര്യങ്ങളാണ്. അതൊരുക്കി നല്‍കാന്‍ കഴിവില്ലാത്ത സര്‍ക്കാര്‍ എത്രകാലം അധികാരത്തിലുണ്ടായിരുന്നാലും ഒരു പ്രയോജനവുമില്ലായെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

LEAVE A REPLY