സൈനസൈറ്റിസും മൂക്കിലെ ദശയും: നൂതന ചികിത്സാ വിധികള്‍

Dr. ജോർജ് വർഗീസ്, വിജയലക്ഷ്‌മി മെഡിക്കൽ സെന്റർ , കൊച്ചി

അലര്‍ജി മൂലമുണ്ടാകുന്ന തുമ്മല്‍, ജലദോഷം, തലവേദന, മൂക്കടപ്പ് എന്നിവ വലിയൊരു ശതമാനം ആളുകളെയും അലട്ടുന്ന പ്രശ്‌നമാണ്. മുഖത്തെയും തലയോട്ടിയിലെയും എല്ലുകളില്‍ ഉള്ള വായു സഞ്ചാരമുള്ള അറകളാണ് സൈനസസ്. മൂക്കടപ്പ് മൂലം ഇടയില്‍ കഫം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് സൈനസൈറ്റിസ്. മരുന്നുകൊണ്ട് വിട്ടുമാറാത്ത സൈനസൈറ്റിസിന് കാരണം മൂക്കിനകത്തുള്ള ദശകളാണ്. സാധാരണയായി കണ്ടുവരുന്നത് അലര്‍ജി മൂലമുണ്ടാകുന്ന ദശകളും (അലര്‍ജിക്ക് പോളിപ്പോസിസ്) പൂപ്പലുമാണ് (ഫംഗല്‍ സൈനസൈറ്റിസ്).

സൈനസൈറ്റിസിന് ശസ്ത്രക്രിയ അനിവാര്യമാണോ?

ദീര്‍ഘകാലം മരുന്നുകഴിച്ചിട്ടും വിട്ടുമാറാത്ത സൈനസൈറ്റിസിന് ശസ്ത്രക്രിയ അനിവാര്യമാണ്. ഇതിനുള്ള ഫെസ്സ് (ഫങ്ഷണല്‍ എന്റോസ്‌കോപ്പിക് സൈനസ് സര്‍ജറി) ശസ്ത്രക്രിയാരീതി വളരെയധികം പ്രചാരം നേടിയിട്ടുള്ളതുമാണ്. ഈ ശസ്ത്രക്രിയാരീതിയില്‍ മൂക്കിലെ ദശ എടുത്തുകളയുകയും ഭൂരിഭാഗം സൈനസിന്റെയും വായു സഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നു. എന്നാല്‍ നെറ്റിയുടെ പുറകിലുള്ള ഫ്രോണ്ടല്‍ സൈനസ്സിന്റെ പ്രശ്‌നങ്ങളെ ഇത് പൂര്‍ണ്ണമായി അഭിമുഖീകരിക്കുന്നില്ല എന്നുള്ളത് ഇതിന്റെ ഒരു പോരായ്മായായി നിലനില്‍ക്കുന്നു. അതിനാല്‍ നെറ്റിയ്ക്ക് പുറകിലുള്ള തലവേദന പൂര്‍ണ്ണമായും മാറാതെ നിലനില്‍ക്കുകയും ചെയ്യുന്നു.

ഡ്രാഫ് -3 ശസ്ത്രക്രിയ

മൂക്കിലെ ദശയ്ക്കുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് രണ്ടോ അതില്‍ അധികമോ തവണ ഈ ശസ്ത്രക്രിയ വേണ്ടിവരുന്നു എന്നുള്ളതാണ്. ഇവിടെയാണ് ഡ്രാഫ് – 3 ശസ്ത്രക്രിയയുടെ പ്രാധാന്യം. ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും വരുന്ന അസുഖം അഥവാ റിക്കറന്‍സിന് കാരണം നെറ്റിയ്ക്കു പുറകിലുള്ള ഫ്രാണ്ടല്‍ സൈനസ്സില്‍ തുടങ്ങുന്ന ദശകളാണ് എന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ സാധാരണയായി ചെയ്തുവരുന്ന ഫെസ്റ്റ് സര്‍ജറിയില്‍ ഫ്രോണ്ടല്‍ സൈനസ്സുകള്‍ പൂര്‍ണ്ണമായി ഉള്‍പ്പെടാറില്ല. എന്നാല്‍ ഡ്രാഫ് – 3 ശസ്ത്രക്രിയ എന്നത് ഈ രണ്ടു ഫ്രോണ്ടല്‍ സൈനസ്സിനെയും ഒന്നിപ്പിച്ച് മൂക്കിനകത്തേയ്ക്ക് തുറന്നുവയ്ക്കുന്ന രീതിയാണ്. ഇതിലൂടെ ഫ്രോണ്ടല്‍ സൈനസിലേയ്ക്കുള്ള വായു സഞ്ചാരം സുഗമമാക്കുകയും അതില്‍ ഉണ്ടാകുന്ന കഫം കെട്ടിക്കിടക്കാതെ മൂക്കിനകത്തേയ്ക്ക് ഒഴുകിപ്പോകുകയും ചെയ്യുന്നു. മാത്രമല്ല, രണ്ടാമത് ദശ ഉണ്ടാകുവാന്‍ തുടങ്ങിയാല്‍പോലും അവയെ ഓപിയില്‍വച്ചുതന്നെ നീക്കം ചെയ്യാന്‍ സാധിക്കുന്നു.

ഈ ശാസ്ത്രീയ രീതി 1991ല്‍ ജര്‍മ്മന്‍ ഇ.എന്‍.ടി സര്‍ജ്ജനായ വോള്‍ഫ്ഗാങ്ങ് ഡ്രാഫ് ആണ് വികസിപ്പിച്ചത്. കേരളത്തില്‍ ഈ സര്‍ജറി 2012 മുതല്‍ വിജയകരമായി നടത്തിവരുന്നുണ്ട്. ഈ സര്‍ജ്ജറിയുടെ പ്രാരംഭഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ‘ഡ്രില്‍’ പോലുള്ള ഉപകരണങ്ങള്‍ മൂലം ഫ്രോണ്ടല്‍ സൈനസ്സിന്റെ കവാടം അഥവാ ‘ഓസ്ട്രിയ’ ചുരുങ്ങിപ്പോകുന്നതായി കണ്ടുവരുന്നു. ഇതിനുള്ള ഒരു പരിഹാരം എന്ന രീതിയില്‍ ഇപ്പോള്‍ ഡ്രില്‍ പൂര്‍ണ്ണമായി ഒഴിവാക്കി അതിനുപകരം പഞ്ചസ്, ഗൂജസ് തുടങ്ങിയ ഉപകരണങ്ങളാണ് ഉപയോഗിച്ചുവരുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം മരുന്ന് ആവശ്യമാണോ?

ഡ്രാഫ് – 3 ശസ്ത്രക്രിയയ്ക്ക് ശേഷവും അലര്‍ജ്ജിക്കുള്ള മരുന്ന് ആവശ്യമായിവരാം. സര്‍ജ്ജറിയ്ക്കുശേഷം ആഴ്ചയിലൊരിക്കല്‍ മരുന്നു കലര്‍ന്ന ഉപ്പ് ലായനി ഉപയോഗിച്ചുള്ള കഴുകല്‍ അഥവാ നേസല്‍ ഡൂഷിങ്ങാണ് ചെയ്യേണ്ടത്. ഈ പ്രക്രിയയിലൂടെ മരുന്ന് സൈനസ്സില്‍ മാത്രമാണ് എത്തുന്നത് എന്നുള്ളതുകൊണ്ട് മറ്റ് പാര്‍ശ്വഫലങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകുന്നില്ല.

LEAVE A REPLY