രോഹിത് ശേഖര്‍ തിവാരിയെ കൊന്നത് ഭാര്യ തന്നെ. ശ്വാസംമുട്ടിച്ചുകൊന്നശെഷം 90 മിനിറ്റിനുള്ളില്‍ തെളിവും നശിപ്പിച്ചു

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി(40)യുടെ മരണത്തില്‍ ഭാര്യ അപൂര്‍വയെ പോലീസ് അറസ്റ്റ് ചെയ്തു. രോഹിതിനെ അപൂര്‍വ തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു ഡല്‍ഹി പോലീസ് കണ്ടെത്തി. തുടര്‍ച്ചയായി മൂന്നു ദിവസം ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. സുപ്രീംകോടതിയില്‍ അഭിഭാഷകയായ അപൂര്‍വ കൊലനടത്തി 90 മിനിറ്റിനുള്ളില്‍ തെളിവുകള്‍ നശിപ്പിച്ചതായും പോലീസ് കണ്ടെത്തി.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ. ഏറെ നാളായി രോഹിതും അപൂര്‍വയും അകല്‍ച്ചയിലായിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ വേര്‍പിരിഞ്ഞായിരുന്നു താമസം. പിന്നീട് രോഹിതിന്റെ വീട്ടില്‍ അപൂര്‍വ മടങ്ങിയെത്തി. വീടിന്റെ മറ്റൊരു ഭാഗത്തായി താമസമുറപ്പിച്ചു. വോട്ട് ചെയ്യാന്‍ നാട്ടില്‍പോയശേഷം 15 നാണു രോഹിത് ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. രോഹിതിന്റെ അമ്മ ഉജ്വല അന്ന് ആശുപത്രിയിലായിരുന്നു.

മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്ന രോഹിതിനെ അപൂര്‍വ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്നു പുലര്‍ച്ചെ നാലോടെ അപൂര്‍വ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നായിരുന്നു അവരുടെ മൊഴി. ഹൃദയാഘാതമായിരുന്നു മരണ കാരണം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മൊഴിയിലെ വൈരുദ്ധ്യമാണ് അറസ്റ്റില്‍ കലാശിച്ചത്. തെളിവുകള്‍ എല്ലാം നശിപ്പിച്ചെന്ന് ഉറപ്പുവരുത്തിയശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY