ദുരനുഭവങ്ങളുമായി യാത്രക്കാര്‍ നിരന്നതോടെ ഇനി രക്ഷയില്ല…. കല്ലട സുരേഷ് ഉടന്‍ അറസ്റ്റിലായേക്കും… ചാരായം മുതല്‍ സ്‌കാനിയ വരെ നീണ്ട കല്ലടയുടെ വളര്‍ച്ചയുടെ കഥ ഇങ്ങനെ….

യാത്രക്കാരെ മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലട ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നു സൂചന. സുരേഷ് കല്ലട ഇന്നലെ ഹാജരാവും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ കൂടുതല്‍ നിയമ നടപടിയിലേക്ക് നീങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്. അറസ്റ്റ് ഉള്‍പ്പെടെയുള്ളവ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍

മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ അന്വേഷണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഏറ്റെടുത്തതിനാല്‍ അദ്ദേഹത്തിന് മുന്നിലായിരിക്കും ഹാജരാവുക. ചോദ്യംചെയ്യലില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടയ്ക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കാനും നീക്കം നടക്കുന്നുണ്ട്.

തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയ്ക്കടുത്തുള്ള താണിശ്ശേരി എന്ന സ്ഥലത്താണ് ഇന്ന് കല്ലട ഗ്രൂപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന ബിസിനസ്സ് ഗ്രൂപ്പിന്റെ തുടക്കം. അച്ഛന്‍ കെ വി രാമകൃഷ്ണന്‍ ബിസിനസിലേക്ക് കാലെടുത്തു വെക്കുന്നത് 1975-ലാണ് . സുനില്‍ കുമാര്‍, ശൈലേഷ് കുമാര്‍, സുരേഷ് കുമാര്‍, സജീവ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിങ്ങനെ അഞ്ചുമക്കളായിരുന്നു രാമകൃഷ്ണന്.

മൂത്തമകനായ സുനിലിന്റെ പേരില്‍ 1975 മെയ് 21 -ന് അദ്ദേഹം തുടങ്ങിവെച്ച സുനില്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനമാണ് പില്‍ക്കാലത്ത് കല്ലട കുടുംബത്തിന്റെ പേരിലുള്ള അനവധി സ്ഥാപനങ്ങളുടെ മുന്‍ഗാമി.തുടര്‍ന്നങ്ങോട്ട് വെളിച്ചെണ്ണ നിര്‍മ്മാണം, ജൂവലറി, ട്രാവല്‍ ആന്‍ഡ് ടൂറിസം, ടെക്സ്റ്റൈല്‍സ് എന്നിങ്ങനെ നിരവധി ബിസിനസുകള്‍ അദ്ദേഹം തുടങ്ങിയെങ്കിലും, കാര്യമായ ഉന്നമനമുണ്ടാവാന്‍ കാരണമായത് അബ്കാരി ബിസിനസായിരുന്നു. ചാരായമായിരുന്നു പ്രധാന ഉത്പന്നം. രാമകൃഷ്ണനോടൊപ്പം അഞ്ചു മക്കളും ബിസിനസ്സില്‍ പങ്കാളികളായിരുന്നു.

1996 -ലാണ് ആദ്യമായി കൊടുങ്ങല്ലൂര്‍ -ബാംഗ്ലൂര്‍ റൂട്ടില്‍ ഒരു സാധാരണ ലെയ്‌ലാന്‍ഡ് ബസ് ഓടിച്ചുകൊണ്ട് അവര്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് തുടങ്ങുന്നത്. അന്ന് അങ്ങനെ ഒരു സങ്കല്‍പം തന്നെ ഇല്ലാതിരുന്ന ഒരു കാലമാണെന്നോര്‍ക്കണം. കെഎസ്ആര്‍ടിസിയുടെ ചുരുക്കം ചില ബസ്സുകള്‍, അതും പ്രധാന പട്ടണങ്ങളില്‍ നിന്നും മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലത്ത് ഇവര്‍ തുടങ്ങി വെച്ച സര്‍വീസ് ഏറെ ലാഭകരമായി.

1996 -ല്‍ കേരളത്തില്‍ മുഖ്യമന്ത്രി ആന്റണി ചാരായം നിരോധിക്കുന്നതോടെ കല്ലട ഗ്രൂപ്പിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം നിലയ്ക്കുന്നു. അതോടെ അവര്‍ ബസ് സര്‍വീസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങുന്നു. അപ്പോഴേക്കും പക്ഷേ, കേരളത്തിലും കര്‍ണാടകയിലും തമിഴ്നാട്ടിലും നിന്നുള്ള ഓപ്പറേറ്റര്‍മാര്‍ രംഗത്ത് സജീവമായിക്കഴിഞ്ഞിരുന്നു. അവര്‍ക്കിടയില്‍ കടുത്ത മത്സരങ്ങളും തുടങ്ങിയിരുന്നു. അതിനെയൊക്കെ അതിജീവിക്കാന്‍ അബ്കാരി ബിസിനസിലെ പരിചയം അവരെ സഹായിച്ചു. അഞ്ചുമക്കളില്‍ കല്ലട സുരേഷ് എന്നറിയപ്പെടുന്ന കെ ആര്‍ സുരേഷ് കുമാര്‍ ബസ് സര്‍വീസ് ബിസിനസില്‍ പ്രത്യേകിച്ചൊരു താത്പര്യം വച്ച് പുലര്‍ത്തിയിരുന്നു.

2003 -ല്‍, വാര്‍ധക്യസഹജമായ അസുഖങ്ങളോടെ അച്ഛന്‍ രാമകൃഷ്ണന്‍ മരണപ്പെടുന്നതോടെ മക്കളുടെ ഐക്യത്തില്‍ വിള്ളല്‍ വീഴുന്നു. അച്ഛന്‍ സമ്പാദിച്ചു കൂട്ടിയ അളവറ്റ സ്വത്തിന്റെ നിയന്ത്രണം സംബന്ധിച്ചുടലെടുത്ത തര്‍ക്കങ്ങളുടെ പേരില്‍ കല്ലട ഗ്രൂപ്പ് രണ്ടായി പിളര്‍ന്നു. കല്ലട സുരേഷിന്റെ പേരില്‍ ഒന്നാം ഗ്രൂപ്പും മറ്റു നാല് സഹോദരങ്ങള്‍ ഒറ്റക്കെട്ടായുള്ള കല്ലട ജി-4 എന്ന രണ്ടാം ഗ്രൂപ്പും. കല്ലട സുരേഷ് ബസ് സര്‍വീസില്‍ മാത്രം ശ്രദ്ധിച്ചപ്പോള്‍, അച്ഛന്റെ ബാറുകളും, ടെക്‌സ്‌റ്റൈല്‍സും മറ്റുള്ള ബിസിനസ് സ്ഥാപനങ്ങളുമെല്ലാം ബാക്കിയുള്ള അഞ്ചു മക്കളും ചേര്‍ന്ന് നിയന്ത്രിച്ചുതുടങ്ങി.

അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ പച്ചപിടിച്ചു വരുന്ന കാലത്ത് മറ്റുള്ള സ്ഥാപനങ്ങള്‍ക്കെല്ലാം മുന്നേ തന്നെ നിരവധി ബസ്സുകള്‍ വാങ്ങിക്കൂട്ടി സര്‍വീസുകള്‍ വിപുലീകരിച്ചതുകൊണ്ട് വളരെ ശക്തമായ സാന്നിദ്ധ്യം കല്ലട സുരേഷ് ഗ്രൂപ്പിന് ഇന്ന് ഈ മേഖലയിലുണ്ട്. 130 -ലധികം ബസ്സുകളുണ്ട് സുരേഷ് ഗ്രൂപ്പിന് മാത്രമായി. ഇതില്‍ മള്‍ട്ടി ആക്‌സില്‍ വോള്‍വോകളും, എസി സ്ലീപ്പറുകളും ഒക്കെ ഉള്‍പ്പെടും. സ്‌കാനിയ ബസ്സുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ കാലത്തുതന്നെ ഒറ്റയടിക്ക് 20 സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ ബസ്സുകളാണ് സുരേഷ് കല്ലട ഗ്രൂപ്പ് തങ്ങളുടെ ഫ്ലീറ്റിലേക്ക് വാങ്ങിയത്.കഴിഞ്ഞ ദിവസം തിരുവനന്തപുരം – ബെംഗളൂരു റൂട്ടില്‍ ഓടുന്ന കല്ലടയുടെ ബസ്സുകളില്‍ ഒന്ന് കേടുവന്നതിനെത്തുടര്‍ന്ന് ജീവനക്കാരും യാത്രക്കാരും തമ്മില്‍ കലഹമുണ്ടായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ സംഘം ചേര്‍ന്ന് യാത്രക്കാരില്‍ രണ്ടുപേരെ ക്രൂരമായി മര്‍ദ്ദിക്കുകയും ബസ്സില്‍ നിന്നും ഇറക്കി വിടുകയും ചെയ്തത് വിവാദമായതോടെയാണ് കല്ലട ഗ്രൂപ്പും, സുരേഷ് കല്ലടയും വീണ്ടും ചര്‍ച്ചയ്ക്ക് വിഷയമാവുന്നത്.

യാത്രക്കാരിലൊരാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ച ദുരനുഭവം വാര്‍ത്തയായതോടെയാണ് കര്‍ശന നടപടി തുടങ്ങിയത്. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷമാണ് പൊലീസ് അറസ്റ്റ് നടപടികളിലേയ്ക്ക് നീങ്ങിയത്. അറിയിച്ചു. വൈറ്റിലയില്‍ വെച്ച് 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്,പാലക്കാട് സ്വദേശികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരെ പിന്തുണച്ച തൃശൂര്‍ സ്വദേശിയെയും മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി ബസ്സില്‍ നിന്ന് ഇറക്കി വിട്ടു. തുടര്‍ന്ന് ഇയാളുടെ പരാതിയിലാണ് കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്ത് നടപടി തുടങ്ങിയത്.

സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കൊച്ചിയിലും തൃശൂരും പരിശോധന നടക്കുകയാണ്. നിരവധി ബസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇടപ്പള്ളിയില്‍ രാവിലെ അഞ്ച് മണി മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതുവരെ എട്ട് ബസുകളില്‍ ക്രമക്കേട് കണ്ടെത്തി. ജില്ലയിലെ വിവിധ ചെക്‌പോസ്റ്റുകളില്‍ പരിശോധന തുടരുകയാണ്.

LEAVE A REPLY