‘ജയരാജാ..നീ മനസ്സില്‍ കുറച്ചിട്ടോ…ഞങ്ങളുടെ ചങ്കില്‍ ചോരയുള്ള കാലത്തോളം പി.ജയരാജാ…’; ഷുക്കൂര്‍ കൊലക്കേസില്‍ ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയതോടെ വൈറലായി കെ എം ഷാജിയുടെ പഴയ പ്രസംഗം

കോഴിക്കോട്: 2013ല്‍ കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി യൂത്ത് ലീഗ് നേതാവായിരുന്നു കെ എം ഷാജിയുടെ പ്രസംഗത്തിലെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുമ്പിലെത്തിക്കണം..’ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഷുക്കൂര്‍ വധക്കേസില്‍ രണ്ട് സാക്ഷികള്‍ കൂറ് മാറിയതിന് പിന്നാലെയായിരുന്നു കെ എം ഷാജി ഇപ്രകാരം രോക്ഷാകുലനായത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതോടെ ഷാജിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

‘ജയരാജാ..നീ മനസ്സില്‍ കുറച്ചിട്ടോ…ഞങ്ങളുടെ ചങ്കില്‍ ചോരയുള്ള കാലത്തോളം പി.ജയരാജാ…ഇന്ത്യാ രാജ്യത്ത് കിട്ടാവുന്ന നിയമ വ്യവസ്ഥയുടെ ഏത് അറ്റം വരെ പോകേണ്ടി നന്നാലും നീ ചെയ്ത പാപത്തിന് ജയിലിലടക്കാതെ ഞങ്ങള്‍ ഈ യുദ്ധം അവസാനിപ്പിക്കില്ല. ആ വഴിയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്നാലും ഉറപ്പിച്ച് പറയുന്നു. ഞങ്ങള്‍ വിടില്ല. യൂത്ത് ലീഗ്കാരാ കാത്തിരിക്കുക. ഇരുട്ടിന്റെ മറവില്‍ കത്തിയുമായി ഈ യൂത്ത് ലീഗ് പ്രവര്‍ത്തകരും ജയരാജന് വേണ്ടി കാത്തിരിക്കില്ല. ഞങ്ങള്‍ കാത്തിരിക്കുന്നത് നിയമത്തിന്റെ ഇടവഴിയിലാണ്. ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ സത്യമുണ്ടെങ്കില്‍, ഗാന്ധിജിയുടെ വാക്കുകളില്‍ സത്യമുണ്ടെങ്കില്‍,ഷുക്കൂറിന്റെ ഉമ്മയുടെ കണ്ണുനീരില്‍ സത്യമുണ്ടെങ്കില്‍ ജയരാജാ നിന്നെ ഞങ്ങള്‍ വിടില്ല…’- ഇത്തരത്തിലായിരുന്നു ഷാജിയുടെ പ്രതികരണം.

എം.എസ്.എഫ്. പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ ആള്‍ക്കൂട്ടമധ്യത്തില്‍ കൊലപ്പെടുത്തിയ കേസില്‍, സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ സി.ബി.ഐ. കൊലക്കുറ്റംമാണ് ചുമത്തിയിരിക്കുന്നത്. ടി.വി. രാജേഷ് എം.എല്‍.എയ്ക്കെതിരേ ഗൂഢാലോചനയ്ക്കും കേസെടുത്തു. പാര്‍ട്ടി കോടതി നടപ്പാക്കിയ വധശിക്ഷ എന്ന പേരില്‍ സി.പി.എമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ കേസിലാണ് ഒടുവില്‍ ഉന്നതനേതാക്കളും കുടുങ്ങുന്നത്. ഇതോടെ മുഖ്യപ്രതികള്‍ക്കുമേല്‍ ചുമത്തിയ കൊലക്കുറ്റം ഇവര്‍ക്കും ബാധകമാകും.

LEAVE A REPLY