ഒഡീഷ: പണമില്ലാത്തതിനാല്‍ മകളുടെ മൃതദേഹവും ചുമന്ന് ഒരു അച്ഛനു നടക്കേണ്ടി വന്നത് 15 കിലോമീറ്റര്‍. ഒഡിഷയിലെ അംഗുല്‍ ജില്ലയിലാണ് സംഭവം. മൃതദേഹം വീട്ടിലെത്തിക്കുന്നതിന് ഇയാളെ സഹായിക്കാന്‍ ആശുപത്രി അധികൃതരോ നാട്ടുകാരോ തയ്യാറായില്ല. ദനാ മാജിയെന്ന കര്‍ഷകന്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ നടന്ന സമാന സംഭവം മുമ്പൊരിക്കല്‍ ഉണ്ടായിരുന്നു.
ഗട്ടി ദിബാര്‍ എന്നയാള്‍ക്കാണ് ദുരവസ്ഥ. കടുത്ത പനിയെ തുടര്‍ന്നാണ് ദിബാറിന്റെ അഞ്ചു വയസ്സുള്ള മകള്‍ സുമിയെ ചൊവ്വാഴ്ചയാണ് അംഗുല്‍ ജില്ലയിലെ പല്ലഹാര സാമൂഹി ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് കുട്ടി മരിച്ചു. മൃതദേഹം കൊണ്ടുപോകാനുള്ള ഒരു സൗകര്യവും ആശുപത്രി അധികൃതര്‍ നല്‍കിയില്ല. മൃതദേഹം കൊണ്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ സേവനം ഉണ്ടെന്ന് ദിബാര്‍ അറിഞ്ഞിരുന്നില്ല. ഇക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ആശുപത്രി അധികൃതരോ ബന്ധപ്പെട്ട അധികാരികളോ ശ്രമിച്ചതുമില്ല.
വാഹനം വിളിക്കാന്‍ കൈയില്‍ പണവും ഉണ്ടായിരുന്നില്ല. കുട്ടിയുടെ മൃതദേഹം കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതോടെ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ ദിബാര്‍ മൃതദേഹവുമായി നടന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ ജൂനിയര്‍ മാനേജരെയും സെക്യൂരിറ്റി ഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തതായി അംഗുല്‍ ജില്ലാ കളക്ടര്‍ അനില്‍ കുമാര്‍ സമല്‍ അറിയിച്ചു.