കുട്ടിക്കാനത്ത് ഒഡീഷ യുവതിയുടെ കൊലപാതകം: പ്രതികള്‍ പിടിയില്‍

ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ എസ്‌റ്റേറ്റില്‍ ഒഡിഷ സ്വദേശിനി ക്രൂരമാനഭംഗത്തിന് ഒടുവില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശി കുന്തന്‍ മാജിയുടെ ഭാര്യ സബിത മാജി (30)യുടെ മരണത്തില്‍ തോട്ടം തൊഴിലാളികളായ ശ്രീലങ്കന്‍ വംശജന്‍ രഞ്ജിനി ഭവനില്‍ വിശ്വനാഥന്‍ (54), ഝാര്‍ഖണ്ഡ് ബാലസോര്‍ ജില്ലയില്‍ ദോസ സ്വദേശി ബാലക് പത്ര (22) എന്നിവരാണ് അറസ്റ്റിലായത്.

സബിതയോട് വിശ്വനാഥനുള്ള താല്‍പര്യവും ബാലക് പത്രക്കുള്ള പൂര്‍വ വൈരാഗ്യവുമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഇരുവരും താമസിക്കുന്ന ലയത്തിലെ അടുത്ത മുറിയിലാണ് സബിതയും താമസിച്ചിരുന്നത്. ബാലക് പത്ര ഭാര്യയെ മര്‍ദിക്കുന്നതിനത്തെുടര്‍ന്ന് ബന്ധുക്കള്‍ അവരെ സ്വദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ബന്ധുക്കളെ വിവരം അറിയിച്ചത് സബിതയാണെന്നും അതാണ് വൈരാഗ്യത്തിന് കാരണമെന്നും ബാലക് പത്ര മൊഴിനല്‍കിയതായി പൊലീസ് പറയുന്നു.

വിശ്വനാഥനും പത്രയും കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയായിരുന്നെന്ന് ഇടുക്കി ജില്ല പൊലീസ് മേധാവി എ.വി. ജോര്‍ജ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY