വരനില്ലാതെ വിവാഹം; താലികെട്ടിയത് സഹോദരി; ഇത് സിനിമയെ വെല്ലുന്നെ ക്ലൈമാക്‌സ്

റിയാദില്‍ നിയമക്കുരുക്കില്‍പ്പെട്ട് സ്വന്തം വിവാഹത്തിന് നാട്ടിലെത്താന്‍ കഴിയാത്ത യുവാവ്. എന്നാല്‍, നിശ്ചയിച്ച സമയത്തു തന്നെ നാട്ടിലെ പന്തലില്‍ സഹോദരി താലികെട്ടി വിവാഹചടങ്ങുകള്‍ മുടങ്ങാതെ നടന്നു. ഇതൊരു സിനിമാക്കഥയല്ല കേട്ടോ…സംഗതി നടന്നതാണ്. അതും കൊല്ലത്ത്.

റിയാദില്‍ ജോലി ചെയ്യുന്ന വെളിയം സ്വദേശി ഹാരിസ് ഖാനാണ് നിയമകുടുക്കില്‍ പെട്ട് സ്വന്തം വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. റിയാദ് അസീസിയയില്‍ സ്വകാര്യ ഫുഡ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഹാരിസ് ഖാനും മക്കയിലെ കിംങ് ഫഹദ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ആലപ്പുഴ താമരക്കുളം സ്വദേശി ഷംലയും തമ്മിലുള്ള നികാഹ് വ്യാഴാഴ്ച ആലപ്പുഴയിലെ ഒരു ഓഡിറ്റോറിയത്തില്‍ നടത്താന്‍ മൂന്ന് മാസം മുമ്പാണ് വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചത്. മക്കയിലായിരുന്നു പെണ്ണുകാണല്‍ ചടങ്ങ്.

രണ്ടു വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന ഹാരിസ് വിവാഹത്തിനായി നവംബര്‍ 15ന് നാട്ടിലേക്ക് പോകാന്‍ തയ്യറാറെടുക്കുകയായിരുന്നു. എന്നാല്‍, ഇഖാമ കാലാവധി പത്ത് ദിവസം മുന്‍പ് അവസാനിച്ചിരുന്നു. നിതാഖാത്ത് പ്രകാരം കമ്പനി മഞ്ഞ ഗണത്തിലായതിനാല്‍ ഇഖാമ പുതുക്കാന്‍ സാധിച്ചില്ല. മൂന്ന് സ്വദേശികള്‍ ഒരുമിച്ച് രാജിവെച്ചതിനാലാണ് ഗ്രീന്‍ കാറ്റഗറിയിലെ കമ്പനി മഞ്ഞയിലേക്ക് മാറിയത്. ഇഖാമ പുതുക്കി റീ എന്‍ട്രി വിസ അടിക്കാന്‍ കമ്പനി ഉടമകളായ സൗദി പൗരന്‍മാര്‍ നടത്തിയ ശ്രമം ഫലം കണ്ടില്ല. ഇതേതുടര്‍ന്ന് വിവാഹം മാറ്റിവച്ചാലോ എന്നായി ആലോചന. എന്നാല്‍ വരന്റെ അഭാവത്തിലും ചടങ്ങുകള്‍ മുടക്കമില്ലാതെ നടത്താമെന്ന തീരുമാനത്തെ ഇരു വീട്ടുകാരും നാട്ടുകാരും പൂര്‍ണ്ണ പിന്തുണ നല്‍കുകയും ഹാരിസിന്റെ സഹോദരി നജിത താലി ചാര്‍ത്തുകയുമായിരുന്നു.

LEAVE A REPLY