ജയലളിതയ്ക്ക് ഹൃദയാഘാതം; കേരളത്തിലും കര്‍ശന സുരക്ഷ; ശബരിമലയിലെ ആഴിയ്ക്ക് ചുറ്റും വടം കെട്ടി

പത്തനംതിട്ട : ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഇന്നലെ രാത്രിയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കേരളത്തിലും സുരക്ഷ കര്‍ശനമാക്കി. മണ്ഡലകാലം പ്രമാണിച്ച് ശബരിമലയിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത് ആയിരക്കണക്കിന് തമിഴ്ഭക്തരാണ്.

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും ശബരിമലയിലും സുരക്ഷ ശക്തമാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. സന്നിധാനത്തെ ആഴിയ്ക്ക് ചുറ്റും വടംകെട്ടി. പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ വഴിതിരിച്ചുവിട്ടു.

അപ്പോളോയിലെത്തി ജയയെ മുന്‍പ് പരിശോധിച്ച ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ബെയ്‌ലിയുമയി ആശുപത്രി അധികൃതര്‍ ബന്ധപ്പെടുന്നുണ്ട് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ചികിത്സ പുരോഗമിക്കുന്നത്.

ഇതിനിടെ, ആശുപത്രിയിലേയ്ക്ക് പ്രവര്‍ത്തകരുടെ ഒഴുക്കാണ്. ജയലളിത സംസാരിച്ചു തുടങ്ങിയെന്നും ചെറിയ ഓഫീസ് ജോലികള്‍ ചെയ്തു തുടങ്ങിയെന്നും ഉടന്‍ ആശുപത്രി വിട്ടേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ ഇന്നലെ വൈകിട്ടോടെയാണ് അവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ആശുപത്രിയില്‍ നിന്നും പുറത്തുവിട്ടത്.

LEAVE A REPLY