മഹാരാഷ്ട്രയില്‍ കാവല്‍സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ‘റിസോര്‍ട്ട് തന്ത്രം’ പയറ്റി ശിവസേന. തങ്ങളുടെ എം.എല്‍.എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുപതോളം ശിവസേനാ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശിവസേനയുടെ നീക്കം.
ഉദ്ധവ് താക്കറേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാകക്ഷിയോഗത്തിനു ശേഷമാണ് ശിവസേന എം.എല്‍.എമാരെ മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്. രണ്ടുദിവസം റിസോര്‍ട്ടില്‍ കഴിയാന്‍ എം.എല്‍.എമാര്‍ക്ക് ഉദ്ധവ് താക്കറേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് എം.എല്‍.എമാരെ മാറ്റുന്നതെന്ന് പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടിവി. റിപ്പോര്‍ട്ട് ചെയ്തു. ഉദ്ധവ് താക്കറേയുടെ വീട്ടില്‍നിന്ന് മിനുട്ടുകളുടെ ദൂരമേ ഈ ഹോട്ടലിലേക്കുള്ളു.
അതേസമയം എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നെന്ന വാര്‍ത്ത ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് നിഷേധിച്ചു. തങ്ങളുടെ എം.എല്‍.എമാര്‍ പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ളവരാണെന്നും കൂറുമാറ്റം ഭയന്ന് അവരെ മാറ്റേണ്ട ആവശ്യമില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.