ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ…. അത് മാറ്റി വിളിക്കാന്‍ ഇനി ഉദ്ദേശിക്കുന്നുമില്ല.. ബിജെപിയിലേക്ക് എന്ന് പ്രചരണത്തിന് ചുട്ട മറുപടി നല്‍കി പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട മണ്ഡലം ഒഴിച്ചിട്ട് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ പല ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. ബിജെപിയിലേക്ക് എത്തുന്ന കോണ്‍ഗ്രസിലെ ഒരു പ്രമുഖ നേതാവിന് വേണ്ടിയാണ് പത്തനംതിട്ട മണ്ഡലം മാറ്റിവെച്ചിരിക്കുന്നത് എന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായി പ്രയാര്‍ ഗോപാലകൃഷ്ണന്റെ പേര് ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. എന്നാല്‍ പ്രചാരണം ശക്തമായതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

താന്‍ ഒരാളെ മാത്രമാണ് അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂവെന്നും അത് മാറ്റി വിളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നുമാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് നേതാവിന്റെ കുറിപ്പ്. ‘ഇത് ആരെ ഉദ്ദേശിച്ചാണെന്ന് അറിയില്ല… എന്തായാലും ഞാന്‍ ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ…. അത് മാറ്റി വിളിക്കാന്‍ ഇനി ഉദ്ദേശിക്കുന്നുമില്ല.. എന്റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവര്‍ക്ക് നല്ല നമസ്‌ക്കാരം…’ പ്രയാര്‍ ഗോപാലകൃഷ്ണന്‍ കുറിച്ചു.