2000 രൂപയുടെ കളര്‍ പ്രിന്റുമായെത്തി സാധനങ്ങള്‍ വാങ്ങി; തൃശ്ശൂരില്‍ പെണ്‍കുട്ടി പിടിയില്‍

തൃശ്ശൂര്‍ : 2000 രൂപയുടെ കളര്‍ പ്രിന്റുമായെത്തി സാധനങ്ങള്‍ വാങ്ങിയ പെണ്‍കുട്ടി പിടിയില്‍. തൃശ്ശൂരില്‍ വെളിങ്കോട് സ്വദേശിനിയും പൊന്നാനി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ 13 കാരിയാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. മന്ദലാംകുന്നിലുള്ള കടയിലാണ് പെണ്‍കുട്ടി ആദ്യം നോട്ടുമായി എത്തിയത്. അവിടെ നിന്നും 500 രൂപയുടെ സാധനങ്ങള്‍ വാങ്ങിയ ശേഷം നോട്ട് നല്‍കി. കടയുടമ 1500 രൂപ ബാക്കി നല്‍കി. അവിടെ നിന്നും പോയ പെണ്‍കുട്ടി അടുത്തുള്ള തുണിക്കടയില്‍ കയറി 400 രൂപയ്ക്ക് നൈറ്റി വാങ്ങി. അവിടെയും 2000 ത്തിന്റെ കളര്‍പ്രിന്റ് നല്‍കി. എന്നാല്‍, അവിടെ 2000 രൂപയ്ക്ക് ചില്ലറയുണ്ടായിരുന്നില്ല. തുടര്‍ന്ന് കടയിലെ ജീവനക്കാരി നോട്ടുമായി അടുത്തുള്ള ബേക്കറിയിലെത്തി നോട്ട് മാറാന്‍ നല്‍കി. എന്നാല്‍, നോട്ട് കണ്ട് സംശയം തോന്നിയ ബേക്കറിയുടമ പോലീസിനെ വിവരം അറിയിച്ചു.
ഇതോടെ പോലീസെത്തി ചോദ്യം ചെയ്യുകയും തന്റെ കൈവശം ഉണ്ടായിരുന്നത് കളര്‍ പ്രിന്റാണെന്ന് പെണ്‍കുട്ടി സമ്മതിക്കുകയുമായിരുന്നു. എന്നാല്‍, പ്രദേശത്തുള്ള കമ്പ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഉടമയാണ് തന്റെ കൈവശം ഈ നോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞുവിട്ടത് എന്നും പെണ്‍കുട്ടി പറഞ്ഞു. ഇതനുസരിച്ച് പോലീസ് കമ്പ്യൂട്ടര്‍ ഉടമയെ പിടികൂടി ചോദ്യം ചെയ്തുവെങ്കിലും അയാള്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടു.
ഇതോടെ പെണ്‍കുട്ടിയെ വീണ്ടും ചോദ്യം ചെയ്യുകയും വീട്ടിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് താന്‍ സ്വയം നോട്ട് സ്‌കാന്‍ ചെയ്ത് പ്രിന്റ് എടുക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി സമ്മതിക്കുകയും ആയിരുന്നു.