വഴി മാറി നടക്കുന്ന സഹോദരി, 14 വര്‍ഷമായി മഠത്തില്‍ അനധികൃതമായി താമസിക്കുന്നു, ഫ്രാങ്കോയ്ക്കെതിരേ മൊഴി നല്‍കിയ കന്യാസ്ത്രീക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വന്തം സന്യാസ സഭ

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയതിന് തടങ്കലില്‍ പാര്‍പ്പിച്ചെന്ന് പരാതി പറഞ്ഞ സിസ്റ്റര്‍ ലിസി കുര്യന്‍ വടക്കേലിനെതിരെ ആരോപണങ്ങളുയര്‍ത്തി ഫ്രാന്‍സിസ്‌കന്‍ ക്ലാരിറ്റി കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി). ലിസി കഴിഞ്ഞ പതിനാല് വര്‍ഷത്തിലധികമായി മൂവാറ്റുപുഴയില്‍ എഫ് സി സി വിജയവാഡ പ്രൊവിന്‍സിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസില്‍ അനധികൃതമായി കഴിഞ്ഞു വരികയായിരുന്നുവെന്നാണ് വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അല്‍ഫോന്‍സ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സി. ലിസിയെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എഫ്സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ പറയുന്നു.

എഫ് സി സി കോണ്‍ഗ്രിഗേഷന്‍ അധികൃതര്‍ അറിയാതെയാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ സി. ലിസി മൊഴി നല്‍കുന്നതെന്നും സിസ്റ്റര്‍ക്ക് സ്ഥലം മാറ്റം നല്‍കുന്നതിനു പിന്നില്‍ ബിഷപ്പിനെതിരേ മൊഴി നല്‍കിയതുമായി യാതൊരുബന്ധവുമില്ലെന്നും സി. അല്‍ഫോന്‍സ വാദിക്കുന്നു. വഴി മാറി നടക്കുന്ന സഹോദരി എന്നാണ് സി. ലിസിയെ ഇവര്‍ കുറ്റപ്പെടുത്തുന്നത്. വിജയവാഡ പ്രോവിന്‍സിന് കേരളത്തില്‍ യാതൊരു പ്രവര്‍ത്തനങ്ങളും ഇല്ലെന്നിരിക്കെ കേരളത്തിലെ ഗസ്റ്റ് ഹൗസില്‍ സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുകയായിരുന്ന സി. ലിസി കന്യാസ്ത്രീ പീഡനക്കേസിലെ പരാതിക്കാരിയും ഒപ്പം നില്‍ക്കുന്നവരും ആയ കന്യാസ്ത്രീകള്‍ താമസിക്കുന്ന കുറവിലങ്ങാട് മഠവുമായി സി. ലിസി അടുപ്പം സ്ഥാപിക്കുകയും ഇതിനു പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ രഹസ്യ മൊഴി നല്‍കുന്നതെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആരോപണം ഉന്നയിക്കുന്നു.

മൊഴി നല്‍കിയത് കോണ്‍വെന്റിനു പുറത്ത് രഹസ്യമായി ആയിരുന്നതിനാല്‍ ഇത് സംബന്ധിച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായ തനിക്കോ മറ്റ് അധികാരികള്‍ക്കോ അറിവുണ്ടായിരുന്നില്ലെന്നും സ്ഥലം മാറ്റത്തിന്റെ അറിയിപ്പ് നല്‍കിയ ജനുവരി 24 ന് ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ട് താന്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന വിവരം സി. ലിസി തന്നെ അറിയിക്കുന്നതെന്നുമാണ് സി. അല്‍ഫോന്‍സ പറയുന്നത്. ബിഷപ്പിനെതിരേ മൊഴി നല്‍കുന്നതിനു മുമ്പ് തന്നെ സ്ഥലം മാറ്റം അറിയിപ്പ് നല്‍കിയിരുന്നതുകൊണ്ട് സി. ലിസി ഇപ്പോള്‍ ഉയര്‍ത്തുന്നതുപോലെ ബിഷപ്പിനെതിരേ മൊഴി നല്‍കിയതാണ് സ്ഥലംമാറ്റത്തിന് കാരണമെന്നത് തെറ്റായ ആരോപണം മാത്രമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ വാദിക്കുന്നു. ഒരു എഫ് സി സി സഭാംഗത്തിന് സ്വാഭാവികമായി നല്‍കുന്ന സ്ഥലംമാറ്റം എന്നതിനൊപ്പം അല്‍പ്പം വഴിമാറി നടന്നിരുന്ന ഒരു സഹോദരിക്ക് നല്‍കിയ തിരുത്തലും ആയിരുന്നു എഫ് സി സി സഭയുടെ ജനറല്‍ സിനാക്സിസ് തീരുമാനം അനുസരിച്ച് സി. ലിസിക്ക് നല്‍കിയ 2019 ഫെബ്രുവരി 12 ലെ പുതിയ നിയമനം എന്നും, വിജയവാഡയിലേക്ക് സി. ലിസിയെ മാറ്റിയ നടപടിയെ ന്യായീകരിക്കുന്നു.

വിജയവാഡയിലേക്കുള്ള നിയമനത്തിനു മുന്നു ദിവസങ്ങള്‍ക്ക് ശേഷം അമ്മയുടെ ഓപ്പറേഷന്‍ സംബന്ധിച്ച് നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞ സി. ലിസിക്ക് ഫെബ്രുവരി 16 ശനിയാഴ്ച്ച യാത്ര തിരിക്കുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 15 ആം തീയതി അധികാരികളെ അറിയിക്കാതെ യാത്രയ്ക്ക് തയ്യാറായ സി. ലിസിയെ തനിച്ചയക്കാതിരിക്കാന്‍ ഞാനും നാട്ടിലേക്ക് സിസ്റ്ററിനൊപ്പം വന്നു.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ മദര്‍ ജനറലുമായി സി. ലിസി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നവെന്ന ആരോപണവും വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ ഉയര്‍ത്തുന്നുണ്ട്. മദര്‍ ജനറലുമായി വാക്കേറ്റം നടത്തുകയും അവിടെ നിന്നും പിണങ്ങിപ്പോരുകയും ചെയ്ത സി. ലിസിയെ അമ്മ ചികിത്സയില്‍ ഇരിക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടു ചെന്നാക്കുന്നത് താനാണെന്നും ഇതിന്റെ പിറ്റേദിവസം സി. ലിസി മൂവാറ്റുപുഴയിലെ ഗസ്റ്റ് ഹൗസില്‍ എത്തുകയും ചെയ്തെന്നും സി. അല്‍ഫോന്‍സ പറയുന്നു.