പോറ്റിയും ജോണ്‍ ബ്രിട്ടാസും തമ്മില്‍ ബന്ധമെന്ന് ആരോപിച്ച് അടൂര്‍ പ്രകാശ്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് എം.പി അടൂര്‍ പ്രകാശും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായതിന് പിന്നാലെ മറുവാദവുമായി അടൂര്‍ പ്രകാശ് രംഗത്ത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും ജോണ്‍ ബ്രിട്ടാസ് എം.പിയും തമ്മില്‍ ബന്ധമുണ്ടെന്നും ഇതില്‍ എസ്‌ഐടി അന്വേഷണം വേണമെന്നുമാണ് അടൂര്‍ പ്രകാശിന്റെ ആവശ്യം. ഉണ്ണി കൃഷ്ണന്‍ പോറ്റിയും ജോണ്‍ ബ്രിട്ടാസും തമ്മില്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള എല്ലാ ഫോണ്‍ രേഖകളും എസ്‌ഐടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പോറ്റി സോണിയ ഗാന്ധിയെ കാണാന്‍ പോയത് പ്രസാദം നല്‍കാന്‍ ആണെന്നും മുന്‍കൂര്‍ ആയി അനുമതി വാങ്ങിയിരുന്നെന്നുമാണ് അടൂര്‍ പ്രകാശിന്റെ വാദം. അനുമതി വാങ്ങിയത് താന്‍ അറിഞ്ഞില്ല. ഡല്‍ഹിയില്‍ എത്തി തലേദിവസം കൂടെ വരണമെന്ന് അഭ്യര്‍ത്ഥിച്ചു. പോറ്റി തന്റെ മണ്ഡലത്തില്‍ ഉള്ള വോട്ടര്‍ ആയതുകൊണ്ടാണ് കൂടെ പോയതെന്നുമാണ് വിശദീകരണം. ഉണ്ണികൃഷ്ണന്‍ പോറ്റി കാട്ടുകള്ളന്‍ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു