ബിഷപ്‌ ഫ്രാങ്കോ കേസിലെ സാക്ഷിയായ കന്യാസ്‌ത്രീയെ പോലീസ്‌ മഠത്തില്‍നിന്നു മോചിപ്പിച്ചു; ഇനി മഠത്തില്‍ തുടരില്ല, വീട്ടിലേയ്ക്കു മടങ്ങിപ്പോകുന്നു

ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ പ്രതിയായ പീഡനക്കേസിലെ സാക്ഷിയായ കന്യാസ്‌ത്രീ തടങ്കലിലെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നു മഠത്തില്‍ പോലീസ്‌ എത്തി മോചിപ്പിച്ചു.

ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ സിസ്‌റ്റര്‍ ലിസിയെയാണു മൂവാറ്റുപുഴ തൃക്ക ഭാഗത്തുള്ള മഠത്തില്‍നിന്ന്‌മൂവാറ്റുപുഴ പോലീസ്‌ മോചിപ്പിച്ചത്‌. സ്‌റ്റേഷനില്‍ എത്തിച്ച കന്യാസ്‌ത്രീയില്‍നിന്നു പോലീസ്‌ വിശദമായ മൊഴി രേഖപ്പെടുത്തി.

സഭാ നേതൃത്വത്തില്‍നിന്നും മഠത്തില്‍നിന്നും മോശം അനുഭവം ഉണ്ടായതായി കന്യാസ്‌ത്രീ മൊഴി നല്‍കിയതായാണു വിവരം. ഇനി മഠത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും ഭവനത്തിലേക്കു മടങ്ങിപ്പോകുകയാണെന്നും പോലീസിനെ അറിയിച്ചതായും സൂചനയുണ്ട്‌.

ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്‌ത്രീയെ പിന്തുണച്ച അഞ്ചു കന്യാസ്‌ത്രീകള്‍ സഭാ നേതൃത്വത്തിനെതിരേ നേരത്തെ രംഗത്തുവന്നിരുന്നു. സിസ്‌റ്റര്‍ ലിസിയും ഇതേ പാത സ്വീകരിച്ചതോടെ എണ്ണം ആറായി. മറ്റുള്ളവര്‍ കുറവിലങ്ങാട്‌ മഠത്തിലാണു കഴിയുന്നത്‌.

ബിഷപ്‌ വിവാദം കത്തിനിന്നപ്പോഴും സിസ്‌റ്റര്‍ ലിസി സാക്ഷിയാണെന്ന വിവരം പുറത്തുവന്നില്ല.

സിസ്‌റ്റര്‍ ലിസിയെ കാണാനില്ലെന്നും സഭാകേന്ദ്രത്തില്‍ തടങ്കലിലാണെന്നു സംശയിക്കുന്നെന്നും കാട്ടി കുടുംബാംഗങ്ങളാണു പോലീസില്‍ പരാതി നല്‍കിയത്‌. ബിഷപ്പിനെതിരേ മൊഴി പറഞ്ഞതാണ്‌ സഭാനേതൃത്വം സിസ്‌റ്റര്‍ ലിസിക്കെതിരേ തിരിയാന്‍ കാരണമെന്നു ബന്ധുക്കള്‍ പറയുന്നു.

മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല. മറ്റു കന്യാസ്‌ത്രീകളോട്‌ ഇടപഴകുന്നതുപോലും തടഞ്ഞതായി പരാതിയിലുണ്ട്‌. സഹോദരിയെ കേരളത്തില്‍ നില്‍ക്കാന്‍ അനുവദിക്കാതെ വിജയവാഡയിലേക്കു തിരികെക്കൊണ്ടുപോകാന്‍ സഭാ അധികൃതര്‍ നിര്‍ബന്ധിക്കുകയാണെന്നു സഹോദരനും പോലീസിനു മൊഴി നല്‍കി.

മഠത്തില്‍നിന്നു മോചിപ്പിച്ച കന്യാസ്‌ത്രീയെ പിന്നീടു പോലീസ്‌ മൂവാറ്റുപുഴ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ കന്യാസ്‌ത്രീ രഹസ്യമൊഴി നല്‍കിയതായാണു വിവരം.

ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്‌ത്രീയെ പിന്തുണച്ച്‌ ഒപ്പം നില്‍ക്കുന്ന അഞ്ചു കന്യാസ്‌ത്രീകളുടെ സ്‌ഥലംമാറ്റിയ നടപടി ഏറെ വിവാദം ആയിരുന്നു. പിന്നീട് ഈ ഉത്തരവ് മരവിപ്പിച്ചെന്നു ജലന്ധര്‍ രൂപതയുടെ അഡ്‌മിനിസ്‌ട്രേറ്ററായ ബിഷപ്‌ ആഗ്‌നെലോ റൂഫിനോ ഗ്രേഷ്യസ് അറിയിച്ചു.

അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിയെ തള്ളിപ്പറഞ്ഞ്‌, സ്‌ഥലംമാറ്റത്തില്‍ മാറ്റമില്ലെന്ന്‌, ജലന്ധര്‍ രൂപതാ അധികൃതരുടെ വാര്‍ത്താക്കുറിപ്പ്‌ തൊട്ടു പിന്നാലെയുമെത്തലയിരുന്നു