തിരുവനന്തപുരം: ആര്.എസ്.എസിനം കോണ്‍ഗ്രസിനും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. കാലില്ലാത്തയാള്‍ ചവിട്ടുമെന്ന് പറയുന്നതു പോലെയാണ് ആര്.എസ്.എസിന്റെ ഭീഷണി. എങ്ങും കാലുകുത്താന്‍ അനുവദിക്കില്ലെന്ന ആര്.എസ്.എസിന്റെ ഭീഷണി വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ ചോദ്യോത്തരവേളയില്‍ പ്രതികരിക്കുകായയിരുന്നു പിണറായി.
‘കടത്തുവഞ്ചിയുള്ള സ്ഥലത്ത് പണ്ട് കാശു വാങ്ങാന്‍ രണ്ടുകാലും ഇല്ലാത്ത ആള് ഇരുന്ന് ഒരു ചവിട്ട് വെച്ചുതന്നാലുണ്ടല്ലോ എന്ന് പറയുന്നതു പോലെയാണ് ആര്.എസ്.എസിന്റെ ഭീഷണിയെന്ന്’ മുഖ്യമന്ത്രി പരിഹസിച്ചു.
ആര്.എസ്.എസുമായി കോണ്‍ഗ്രസ് സമരസപ്പെടുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ചില കാര്യങ്ങളില്‍ സുധീരനും കുമ്മനവും ഒരേ കാര്യമാണ് പറയുന്നത്?. പല കാര്യങ്ങളിലും ഒരേ വാചകവും ഒരേ നിലപാടുമാണ് അവര്‍ക്ക്. ഇവിടെ(നിയമസഭയില്‍) ഇപ്പോള്‍ നടക്കുന്ന ചോദ്യങ്ങള്‍ ആര്.എസ്.എസിനെ സംബന്ധിച്ചുള്ളതാണ്. അപ്പോള്‍ അതില്‍ ഉപചോദ്യങ്ങളും ഉണ്ടാകും. ആര്.എസ്.എസിനെ കുറിച്ചുള്ള ഉപചോദ്യങ്ങളില്‍ നിന്നു ഒഴിഞ്ഞുമാറുന്നതിനാണ് പ്രതിപക്ഷവും രമേശ് ചെന്നിത്തലയും സഭ ബഹിഷ്കരിച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നടക്കുന്നതായി അറിയാം. ഇതിനെതിരെ കടുത്ത നടപടി എടുക്കും. ആരാധനാലയങ്ങളിലെ ആയുധപരിശീലനം തടയാന്‍ നിയമനിര്‍മാണം പരിഗണനയിലാണെന്നു പിണറായി പറഞ്ഞു. കെ.സുരേന്ദ്രന്റെ കൊലവിളി പ്രസംഗത്തില്‍ എന്തു നടപടി എടുക്കാന്‍ സാധിക്കുമെന്നു പരിശോധിക്കുമെന്നും പിണറായി വ്യക്തമാക്കി.