
ആലുവ: വിദേശ ഭാഷാ പരിശീലനത്തില്‍ മികവിന്റെ പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഡി സെയില്‍സ് അക്കാദമി ഫോര്‍ ടാലന്റ് അസിസ്റ്റന്‍സ് (ഡാറ്റ). ആലുവയിലെ അക്കാദമി കാമ്പസില്‍ സംഘടിപ്പിച്ച ‘റിസൊണന്‍സ് – എ ഡെക്കേഡ് ഓഫ് എക്‌സലന്‍സ്’ എന്ന് പേരിട്ട പത്താം വാര്‍ഷിക ആഘോഷ പരിപാടി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന് പുറത്ത്, പ്രിത്യേകിച്ച് വിദേശ രാജ്യങ്ങളില്‍ ഉപരിപഠനവും മികച്ച കരിയറും തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡി സെയില്‍സ് അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ മികച്ച അവസരങ്ങളാണ് ഒരുക്കുന്നത്. ഒരുകാലത്ത് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവിണ്യം നേടുക എന്നത് വലിയ നേട്ടമായി കരുതിയിരുന്നു എങ്കില്‍ ഇന്ന് ഇംഗ്ലീഷ് ഭാഷ സര്‍വ്വ സാധാരണമായി ക്കഴിഞ്ഞിരിക്കുന്നു. ഇന്ന് ആ സ്ഥാനത്ത് എത്തിനില്‍ക്കുന്നത് ജര്‍മന്‍ ഭാഷയാണ് എന്നും ഉല്‍ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
വിദേശ ഭാഷാ പരിശീലനം, പ്രൊഫഷണല്‍ മികവ്, ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വിദേശ അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയിലെ അക്കാദമിയുടെ വളര്‍ച്ചയും മികവും വിളിച്ചോതുന്നതായിരുന്നു ആഘോഷ പരിപാടികള്‍. ആഘോഷങ്ങളുടെ ഭാഗമായി, നിര്‍മ്മാണം പൂര്‍ത്തിയായ ഡാറ്റയുടെ അക്കാദമിക് വിങ്ങിന്റെ വെഞ്ചിരിപ്പ് കര്‍മ്മം സൗത്ത് വെസ്റ്റ് പ്രവിശ്യ എം.എസ്.എഫ്.എസ് പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. തോമസ് കളരിപ്പറമ്പില്‍ നിര്‍വഹിച്ചു. അക്കാദമിക രംഗത്ത് ഡാറ്റയുടെ വളര്‍ച്ചയില്‍ മറ്റൊരു സുപ്രധാന നാഴികക്കല്ലായി ഈ ചടങ്ങ് മാറി. കഠിനമായ ജര്‍മന്‍ ബി2 അന്താരാഷ്ട്ര ഭാഷാ പരീക്ഷ വിജയിച്ച നൂറോളം വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി ‘എര്‍ഫോള്‍ഗ് 2026’ എന്ന പ്രത്യേക ചടങ്ങും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.
ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്, മുന്‍ ഫിഷറീസ്, തുറമുഖ, എക്‌സൈസ് മന്ത്രി കെ. ബാബു, കേരളത്തിലെ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മനിയുടെ ഓണററി കോണ്‍സല്‍ ഡോ. സയ്യിദ് ഇബ്രാഹിം, ജര്‍മനിയിലെ റെയ്ഗന്‍സ്ബര്‍ഗ് സര്‍വകലാശാലയിലെ സീനിയര്‍ ഗവണ്‍മെന്റ് കൗണ്‍സിലര്‍ (റിട്ട.) ഫ്രൗ സബീനെ സില്‍ബര്‍ഹോണ്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. പത്താം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി തയ്യാറാക്കിയ പ്രത്യേക സുവനീര്‍ ‘റെസൊണന്‍സ്’ മുന്‍ മന്ത്രി കെ. ബാബു ചടങ്ങില്‍ പ്രകാശനം ചെയ്തു.
ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജെര്‍ലി കപ്രശ്ശേരി, ജില്ലാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ (ആരോഗ്യ-വിദ്യാഭ്യാസം) ശ്രീദേവി മധു, വാര്‍ഡ് അംഗങ്ങളായ ലത ഗംഗാധരന്‍, പി.ആര്‍. രാജേഷ് എന്നിവരും ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു.
ഡി സെയില്‍സ് അക്കാദമി ഡയറക്ടര്‍ ഫാ. ജിനോ ജോസ് പ്ലാത്തോട്ടത്തില്‍ എം.എസ്.എഫ്.എസ് സ്വാഗതം ആശംസിച്ചു. സ്ഥാപനത്തിന്റെ സുപ്പീരിയര്‍ റവ. ഡോ. സിബിച്ചന്‍ തോമസ് എം.എസ്.എഫ്.എസ് നന്ദി രേഖപ്പെടുത്തി.


















