സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് സംയോജിത ശിശു വികസന സേവന പദ്ധതി

നിലവിലെ കോവിഡ് – 19 പ്രതിസന്ധി നമ്മുടെ സംസ്ഥാനത്തിനും ജനങ്ങള്‍ക്കും നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സൃഷ്ടിച്ച നിരവധി വെല്ലുവിളികള്‍ ലഘൂകരിക്കുന്നതിന് സാമൂഹ്യനീതി,വനിതാ-ശിശു വികസന വകുപ്പുകള്‍ ഫലപ്രദമായ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചർ അറിയിച്ചു. സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും എഴുപതിനായിരത്തിലധികം ഐസിഡിഎസ് (സംയോജിത ശിശു വികസന സേവന പദ്ധതി- ICDS) ജീവനക്കാരെ ചുമതലപ്പെടുത്തിയാതായി ശൈലജ ടീച്ചർ അറിയിച്ചു. കുട്ടികളുടെ പ്രത്യേക ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ശിശുക്ഷേമ സമിതിയേയും (സി.ഡബ്ല്യു.സി) സംസ്ഥാനത്തെ ട്രാന്‍സ് ജെന്റര്‍ വ്യക്തികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ട്രാന്‍സ്‌ജെന്റര്‍ സെല്ലിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാരുടെ ശാരീരിക, മാനസിക, ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി IMHANS പ്രത്യേക സേവനങ്ങളും നല്‍കി വരുന്നു.

കൂടാതെ നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, ട്രാന്‍സ് ജെന്റര്‍ വ്യക്തികള്‍ക്കും വിവിധ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ലോകത്ത് വ്യാപിച്ചിട്ടുള്ള കോവിഡ് -19 പോലുള്ള ഒരു പ്രതിസന്ധിയുടെ മധ്യത്തില്‍, സുരക്ഷാവലകളും, അക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന സേവനങ്ങളും, ഒരുക്കുന്നതിന് പ്രയാസങ്ങള്‍ നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ട് അനുസരിച്ച് ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും ലിംഗാധിഷ്ഠിത അക്രമ കേസുകള്‍ (Gender based Violence) വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ലോക്ഡൗണ്‍ കാലത്ത് ഇത്തരം അക്രമം വന്‍തോതില്‍ വര്‍ദ്ധിച്ചതായും അതില്‍ ഗാര്‍ഹിക പീഡനകേസുകള്‍ രണ്ടു മടങ്ങ് വര്‍ദ്ധിച്ചതായും ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.
ഈ സാഹചര്യത്തില്‍ നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ക്ക് പുറമെ, കൂടുതല്‍ നടപടികള്‍ കൈകൊള്ളാനും, ഇതുസംബന്ധിച്ച് വിശദമായ കര്‍മ്മ പദ്ധതി (Action Plan) രൂപീകരിക്കാനും, സംസ്ഥാനത്തെ സാമൂഹ്യനീതി, വനിതാശിശു വികസന വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്നും ശൈലജ ടീച്ചർ  വ്യക്തമാക്കി.

LEAVE A REPLY