മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തെ അപലപിച്ച് കോം ഇന്ത്യ: കര്‍ശന നടപടികള്‍ സ്വീകരിക്കും

കൊച്ചി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മറുനാടന്‍ മലയാളി എഡിറ്ററുമായ ഷാജന്‍ സ്‌കറിയയ്ക്കെതിരെ നിരന്തരമായി ഉണ്ടാകുന്ന വധഭീഷണികളില്‍ കോം ഇന്ത്യ എക്സിക്യൂട്ടീവ് യോഗം ശക്തമായി അപലപിച്ചു. വിഷയത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് കോം ഇന്ത്യയുടെ തീരുമാനം.

ഒരു മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തയുടെതെന്ന പേരില്‍ കഴിഞ്ഞ ദിവസം നിരന്തരം വാട്‌സാപ്പ് കോളായും സന്ദേശങ്ങളായും വധഭീക്ഷണി ഉള്‍പ്പെടെ ഉണ്ടായതായി പരാതിയുണ്ട്.

സ്വതന്ത്രമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായി ഉയരുന്ന വധഭീഷണികളും ആക്രമണ നീക്കങ്ങളും ജനാധിപത്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് യോഗം വിലയിരുത്തി.

ഇത്തരം ഭീഷണികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കാന്‍ യോഗം തീരുമാനിച്ചു.

തുടര്‍ച്ചയായി വരുന്ന വധഭീഷണികളില്‍ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ ഉണ്ടാകണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച കൂടിയ എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍ അധ്യക്ഷനായി. സെക്രട്ടറി സോയിമോന്‍ മാത്യു പ്രമേയം അവതരിപ്പിച്ചു .