സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുവിടങ്ങൾ ഉറപ്പാക്കുന്നതിനും ആർത്തവ ശുചിത്വ പരിപാലനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനുമായി വനിതാ-ശിശു വികസന വകുപ്പ് ‘WOMN’ (Women on the Move & Menstrual Needs ) പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ആവിഷ്‌കരിച്ച പദ്ധതിയിലൂടെ പൊതുസ്ഥലങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കും. എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
യാത്രയ്ക്കിടയിലും പൊതുസ്ഥലങ്ങളിലെത്തുമ്പോഴും സ്ത്രീകൾ നേരിടുന്ന ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്നതിനൊപ്പം ഉപയോഗിച്ച നാപ്കിനുകൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി ഒരുക്കും.


















