കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനിലാക്കാന്‍ ഒരുങ്ങി എംവിഡി: ലക്ഷ്യം അഴിമതി തടയലും സുതാര്യതയും

അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സേവനങ്ങള്‍ സുഗമവും കാര്യക്ഷമവുമാക്കാന ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വകുപ്പിലെ ബഹുഭൂരിപക്ഷം സേവനങ്ങളും ഓണ്‍ലൈന്‍വഴി ലഭ്യമാക്കാനാണ് വകുപ്പുതല തീരുമാനം.

നിലവില്‍ 21 സേവനങ്ങളാണ് എംവിഡി ഓണ്‍ലൈനായി നല്‍കിവരുന്നത്. വാഹനവുമായി ബന്ധപ്പെട്ടതും ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ടതുമായ 60 സേവനങ്ങളാണ് ഇവ കൂടാതെ ഓണ്‍ലൈനായി നല്‍കാന്‍ ഒരുങ്ങുന്നത്. പട്ടികയില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍ക്കായി ഇനി ആര്‍.ടി ഓഫീസുകള്‍ കയറിയിറങ്ങുകയോ, ഇടനിലക്കാരെ ആശ്രയിക്കുകയോ ചെയ്യേണ്ടതില്ല. അപേക്ഷ പരിശോധിക്കുന്ന ഉദ്യോഗസ്ഥന് അപേക്ഷകനോട് സംസാരിക്കേണ്ടി വന്നാല്‍ വിളിച്ചു വരുത്തുന്നതിന് പകരം വീഡിയോ കാളിലൂടെ സംസാരിക്കും. ഇതുവഴി കൈക്കൂലി അടക്കമുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനാണ് എംവിഡിയുടെ തീരുമാനം. സെപ്തംബര്‍ 21 മുതല്‍ പുതിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ നടപ്പിലാകും.