രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് ചെങ്കോട്ടയില്‍ ദേശിയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. വന്ദേമാതര ആലാപനത്തിന് ശേഷം രാവിലെ ഏഴരയോടെയാണ് പ്രധാനമന്ത്രി പതാക ഉയര്‍ത്തി. ശേഷം 21 ആചാരവെടികള്‍ മുഴക്കി. വ്യോമസേനയുടെ എം 17 ഹെലികോപ്റ്ററുകള്‍ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തി.
രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചു. എല്ലാ മനസുകളിലും വന്ദേമാതരമാണ്. പുത്തന്‍ പ്രതീക്ഷകളുമായി രാജ്യം മുന്നേറുകയാണ്. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള യാത്രയിലാണ് നാം. സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാകും. വികസിത ഭാരതം 2047ല്‍ യാഥാര്‍ത്ഥ്യമാകും. നിങ്ങള്‍ വലിയ സ്വപ്നങ്ങള്‍ കാണണം. ഞാന്‍ 12 വര്‍ഷമായി ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുന്നു. വലിയ നേട്ടങ്ങള്‍ നമുക്ക് കൈവരിക്കാനാകും. ലോക സാമ്പത്തിക ശക്തിയായി നാം മാറി. ഡിജിറ്റല്‍ രംഗത്തും നാം നേട്ടങ്ങള്‍ കൈവരിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം വിജയിച്ചു. നിയമ വ്യവസ്ഥ ശക്തവും സുതാര്യവുമായി. സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടായി. ഡിജിറ്റല്‍ ഇടപാടുകള്‍ എത്രയോ മടങ്ങ് കൂടി. അടിസ്ഥാന സൗകര്യം എല്ലാവര്‍ക്കുമെന്ന ലക്ഷ്യം നിറവേറ്റി. സെമി കണ്ടക്ടര്‍ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായി. ആണവോര്‍ജ മേഖലയില്‍ സ്വയം ശക്തിയായി. ഊര്‍ജ സുരക്ഷാ രംഗത്തും നേട്ടങ്ങള്‍ കൈവരിച്ചു. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ നാലിരട്ടിയായി’ – പ്രധാനമന്ത്രി പറഞ്ഞു.



















