കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി കേരളം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി കേരളം.
സംസ്ഥാനത്ത് കോവിഡ് ബാധിതരെ ചികിത്സിക്കാൻ സർക്കാർ, സ്വകാര്യ ആശുപത്രികൾ നിശ്ചിത എണ്ണം പ്രത്യേക കിടക്കകൾ സജ്ജമാക്കണമെന്നും മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചാൽ അതേ ആശുപത്രിയിൽ തുടർചികിത്സ നൽകണമെന്നും ആരോഗ്യ വകുപ്പ്. സംസ്ഥാനത്തു കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ. പ്രമേഹം, രക്താതിമർദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗം തുടങ്ങിയവയുള്ളവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പൊതു സ്ഥലങ്ങളിലും ആശുപത്രികളിലും നിർബന്ധമായും മാസ്‌ക് ധരിക്കുകയും രോഗലക്ഷണമുണ്ടെങ്കിൽ ആർടിപിസിആർ പരിശോധന നടത്തുകയും ചെയ്യണം. ഇൻഫ്ലുവൻസ രോഗലക്ഷണങ്ങളുള്ള ഗർഭിണികളെ കണ്ടെത്താൻ ആശാ പ്രവർത്തകരെ നിയോഗിക്കുകയും കിടപ്പുരോഗികൾക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികൾക്കും കോവിഡ് വരാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസർമാർ ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

LEAVE A REPLY