
കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ നടക്കുന്ന രാജഗിരി നോളജ് സമ്മിറ്റിന്റെ രണ്ടാം ദിനം ശാസ്ത്രം, സാങ്കേതികവിദ്യ, സാഹിത്യം, കല, സംസ്‌കാരം എന്നീ മേഖലകളെ സമന്വയിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. കുസാറ്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഡോ. ഹരീഷ് രാമനാഥന്‍ മുഖ്യപ്രഭാഷണം നടത്തി.
ദൈനംദിന ജീവിതത്തിലും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും തീരുമാനമെടുക്കല്‍ കൂടുതല്‍ കൃത്യവും ശാസ്ത്രീയവുമാക്കാന്‍ എ. ഐ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എപ്രകാരം സാധ്യമാകുമെന്ന് പ്രഭാഷണത്തില്‍ അദ്ദേഹം വിശദീകരിച്ചു. നൂതന സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ഇന്നത്തെ കാലത്ത് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ അനിവാര്യമാണെങ്കിലും മനുഷ്യന്റെ വിവേചനബുദ്ധിക്കും അനുഭവപരിചയത്തിനും എന്നും നിര്‍ണായക സ്ഥാനമുണ്ടെന്നും ഡോ. ഹരീഷ് രാമനാഥന്‍ ഓര്‍മിപ്പിച്ചു.
തുടര്‍ന്ന് നടന്ന സംവാദത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആനന്ദ് ശര്‍മ്മ, പൂനെ ഇന്ത്യന്‍ ഉഷ്ണമേഖലാ കാലാവസ്ഥാ പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. റോക്‌സി മാത്യു കോള്‍ എന്നിവര്‍ പങ്കെടുത്തു. കാലാവസ്ഥാ പ്രവചനരംഗത്തെ പുതിയ മുന്നേറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികള്‍, ദുരന്തനിവാരണത്തില്‍ മുന്നറിയിപ്പ് സംവിധാനങ്ങളുടെ പ്രാധാന്യം എന്നിവ സംവാദത്തില്‍ ചര്‍ച്ചയായി.
എഴുത്തുകാരി ഡോ. മൈന ഉമൈബാന്‍, ചലച്ചിത്ര സംവിധായിക ഗീതിക സുദീപ്, മാധ്യമപ്രവര്‍ത്തക സുകന്യ ഷാജി എന്നിവര്‍ പങ്കെടുത്ത കലാ-സാഹിത്യ സംവാദവും ശ്രദ്ധേയമായി. കലാ-സാഹിത്യ- സാംസ്‌കാരിക മേഖലകളിലെ സ്ത്രീ പ്രതിനിധാനത്തെക്കുറിച്ചായിരുന്നു ചര്‍ച്ച.
സമ്മിറ്റിന്റെ അക്കാദമിക പരിപാടികളുടെ ഭാഗമായി വിവിധ മേഖലകളിലെ ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും രണ്ടാം ദിനത്തില്‍ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകരും അധ്യാപകരും വിദ്യാര്‍ഥികളും സമ്മിറ്റില്‍ പങ്കെടുത്തു. ദേശീയ പുരസ്‌കാര ജേതാവായ കെ. വിശ്വനാഥ പുലവരുടെ നേതൃത്വത്തില്‍ പാലക്കാട് കൂനത്തറയില്‍ നിന്നുള്ള സംഘം അവതരിപ്പിച്ച തോല്‍പാവക്കൂത്തോടെ രണ്ടാം ദിന പരിപാടികള്‍ സമാപിച്ചു.


















