തിരുവനന്തപുരം : തലസ്ഥാന ജില്ലയില്‍ രണ്ടാം മെഡിക്കല്‍ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയന വര്‍ഷം പ്രവേശനം നടത്താനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആരോഗ്യം ദേവസ്വം മന്ത്രി കെ.മുരളീധരന്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മന്ത്രി കെ.മുരളീധരന് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എന്‍.എച്ച്.എം പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രി കേരളത്തിന്റെ സുപ്രധാന ആവശ്യം ഉന്നയിച്ചത്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കല്‍ കോളേജിനുള്ള 150 കോടി കേന്ദ്രസഹായം ഉടന്‍ അനുവദിക്കണമെന്നും മന്ത്രി കെ.മുരളീധരന് ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും രാജ്യത്ത് ഉടനീളം 10,000 മെഡിക്കല്‍ സീറ്റുകള്‍ സജ്ജമാക്കാന്‍ 15,000 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ ആവശ്യം ഇതില്‍ ഉള്‍പ്പെടുത്തി അനുമതി ലഭ്യമാക്കുമെന്നും ജെ.പി.നദ്ദ ഉറപ്പ് നല്കി.
കേരളത്തില്‍ എയിംസിനായി 10 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സാദ്ധ്യതാപഠനം ഉടന്‍ പൂര്‍ത്തിയാക്കി സ്ഥലം തീരുമാനിച്ച്, എയിംസിന് അനുമതി ലഭ്യമാക്കണമെന്നും മന്ത്രി കെ.മുരളീധരന് ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും അത് അംഗീകരിക്കുന്നുവെന്നും കേന്ദ്ര മന്ത്രി ജെ.പി.നദ്ദ പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി എംയിസ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ആശുപത്രികളിലെ പദ്ധതികള്‍ക്കായി കേന്ദ്രസഹായവും മന്ത്രി തേടി.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പ്രകാരം ഇടുക്കി, മഞ്ചേരി, വയനാട് എന്നിവിടങ്ങളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കുകള്‍,ഹരിപ്പാടും കല്‍പ്പറ്റയിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, എല്ലാ ജില്ലകളിലും ട്രോമ കെയര്‍, ബേണ്‍സ് യൂണിറ്റുകള്‍, വയനാട്, ഇടുക്കി, കാസര്‍കോട്, മെഡിക്കല്‍ കോളേജുകള്‍, ജനിതകശാസ്ത്രം, ന്യൂറോ സയന്‍സസ്, കാര്‍ഡിയാക് സയന്‍സസ് എന്നിവയില്‍ സെന്ററുകള്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കല്‍, എമര്‍ജന്‍സി മെഡിസിന് സേവനങ്ങള്‍ ശക്തിപ്പെടുത്തുകയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്മാരെ നിയമിക്കുകയും ചെയ്യുന്നതിന് ഉള്‍പ്പടെ കേന്ദ്രസഹായം മന്ത്രി കെ.മുരളീധരന് തേടി.
കേരളത്തിന്റെ ക്ഷയ രോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നത് അഭിനന്ദനാര്മാണെന്നും മന്ത്രി ജെ.പി.നദ്ദ പറഞ്ഞു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ.അനു.എസ്.നായര്‍, കെ.എം.എസ്.സി.എല്‍ എം.ഡി ഡോ.രേണുരാജ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.കെ.വി.വിശ്വനാഥന്, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍(ടി.ബി) ഡോ.സക്കീന, എന്‍.എച്ച്.എം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.



















