എബോള രോഗ ലക്ഷണങ്ങളോട് സാമ്യത പുലര്‍ത്തിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍കഴിഞ്ഞ യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തുടര്‍ന്ന് പാലാ സ്വദേശിനിയായ രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തു.
സുഡാനില്‍നിന്ന് നാട്ടിലെത്തിയ യുവതി പനിയെ തുടര്‍ന്ന് പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പാണ് തുടര്‍ ചികിത്സയ്ക്കായി ഇവരെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായ നടപടിയായിരുന്നു ഇതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.



















