കോവിഡിനെ രാഷ്ട്രീയവൽക്കരുത്, അത് തീക്കളിയാണ് – ലോകാരോഗ്യസംഘടന

 

കോവിഡിനെ രാഷ്ട്രീയവത്കരിക്കുന്നത് തീക്കളിയാണ്, അത് ലക്ഷങ്ങളുടെ ജീവന് ഭീഷണിയാകും.

കോവിഡിന്റെ പേരിൽ രാഷ്ട്രീയവത്ക്കരണം അല്ല,  ദേശീയതലത്തിലും ആഗോളതലത്തിലുമുള്ള ഐക്യദാർഢ്യം ആണ് വേണ്ടതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോക്ടർ ടെഡ്രോസ് അദനോം. രാഷ്ട്രീയ, നിറ, ജാതി, മത വ്യത്യാസമില്ലാതെ ലോകമൊട്ടാകെ പടർന്നുപിടിച്ച മഹാമാരിയെ ചെറുക്കാൻ കഴിഞ്ഞ 100 ദിവസങ്ങളായി ലോകം പൊരുതിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയവത്കരണം ഒരിക്കലും ഗുണം ചെയ്യില്ല, മറിച്ച് ഇനിയും ലക്ഷങ്ങളുടെ ജീവന് ഭീഷണി ആവുകയേ ഉള്ളൂ എന്നും കോവിഡിനെ രാഷ്ട്രീയവത്കരിക്കുന്നത് തീക്കളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നിട്ട നൂറു ദിവസങ്ങളേക്കാളും വരാനിരിക്കുന്ന ദിവസങ്ങളിലും, ആഴ്ചകളിലും, മാസങ്ങളിലും കോവിഡിനെ പ്രതിരോധിക്കാനും ജനങ്ങളുടെ ജീവൻ രക്ഷിക്കാനും രാജ്യങ്ങൾ ശക്തിയോടെ തന്നെ പൊരുതണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ ജനതകളുടെ ജീവൻ രക്ഷിക്കുന്നതിൽ കൂടുതൽ പ്രാധാന്യം നൽകണം. ശവ കൂമ്പാരങ്ങളാണ് നിങ്ങൾക്ക് കൂടുതൽ കാണേണ്ടത് എങ്കിൽ രാഷ്ട്രീയവത്കരണം അതിനൊരു മാർഗം ആണെന്നും, അതല്ല ഈ മഹാമാരിയിൽ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നാണെങ്കിൽ കോവിഡിനെ രാഷ്ട്രീയവൽക്കരിക്കാതെ ക്വാറന്റൈൻ ചെയ്യുകയാണ് വേണ്ടതെന്നും ഡോ. ടെഡ്രോസ് അദനോം ആവശ്യപ്പെട്ടു. എത്ര മികച്ച വ്യവസ്ഥിതിയുള്ള രാജ്യമാണെങ്കിലും ദേശീയ ഐക്യം ഇല്ലെങ്കിൽ നിലവിലെ സാഹചര്യങ്ങൾ കൂടുതൽ മോശമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ ഐക്യം സാധ്യമായാൽ രണ്ടാമതായി വേണ്ടത് ആഗോള ഐക്യദാർഢ്യം ആണെന്നും ലോകരാജ്യങ്ങൾ ഒരുമിച്ചു നിന്നാൽ മഹാമാരിയെ തകർക്കാനാകുമെന്നും അദനോം വ്യക്തമാക്കി. 1967-ലെ ശീതയുദ്ധകാലത്ത് പോലും വസൂരി ഇല്ലാതാക്കാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി പൊരുതി. അത് മാതൃകാപരമായ നേട്ടം കൈവരിച്ചെന്നും ഈ സാഹചര്യത്തിൽ ചൈനയും യുഎസും ഒത്തൊരുമിക്കണം എന്നും എല്ലാ ലോകരാജ്യങ്ങളും ഒരുമിച്ച് മഹാമാരിക്കെതിരെ പോരാടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

LEAVE A REPLY